Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടരുമെന്നും, അദ്ദേഹം ഒപ്പമുള്ളതിൽ സന്തോഷമെന്നും പവൽ നെദ്വദ്

Gokul Manthara
Juventus  v FC Internazionale - Serie A
Juventus v FC Internazionale - Serie A / Valerio Pennicino/Getty Images
facebooktwitterreddit

അടുത്ത വർഷം യുവന്റസുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നത്. റൊണാൾഡോ ഇക്കുറി ക്ലബ്ബ് വിട്ടേക്കുമെന്നുള്ള റിപ്പോർട്ടുകൾ ശക്തമായ സമയത്ത് അദ്ദേഹം ക്ലബ്ബിൽ തുടരുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്ന യുവന്റസിന്റെ വൈസ് ചെയർമാൻ പവൽ നെദ്വദ് ഇപ്പോളിതാ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുന്നു.

തങ്ങളുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കി നിൽക്കുന്ന റൊണാൾഡോ ക്ലബ്ബിൽ തുടരുമെന്ന് തന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പറയുന്ന നെദ്വദ്, ഉയർന്ന തലത്തിലുള്ള അദ്ദേഹം ഒപ്പമുണ്ടാകുന്നതിൽ തങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യുവന്റസും, മോൻസയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു അദ്ദേഹം‌.

"റൊണാൾഡോ ഞങ്ങളുടെ കളികാരനാണ്. അദ്ദേഹത്തിന്റെ കരാറിൽ ഇനിയും ഒരു വർഷം കൂടി ബാക്കിയുണ്ട്. അദ്ദേഹം ഒപ്പമുണ്ടായിരിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. റൊണാൾഡോ എല്ലാ വർഷവും ഗോളുകൾ ഉറപ്പ് നൽകുന്നു. അദ്ദേഹം ഉയർന്ന തലത്തിലുള്ള കളികാരനാണ്. അദ്ദേഹം ടീമിൽ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." പവൽ നെദ്വദ് പറഞ്ഞു.

അതേ സമയം 2018 ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ നിന്ന് നാല് വർഷ കരാറിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് സ്വന്തമാക്കിയത്. യുവന്റസിനായി കഴിഞ്ഞ മൂന്ന്‌ സീസണുകളിലും ഉജ്ജ്വല പ്രകടനം പുറത്തെടുത്ത റോണോ അവർക്കായി കളിച്ച 133 മത്സരങ്ങളിൽ 101 ഗോളുകൾ നേടിയതിനൊപ്പം 22 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

facebooktwitterreddit