Football in Malayalam

ഞങ്ങൾ ഇവിടെയെത്തിയത് ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ; അർജന്റീന കോപ്പ അമേരിക്ക കിരീടം നേടാൻ പോവുകയാണെന്നും മാർട്ടിനസ്

Gokul Manthara
Argentina v Colombia: Semifinal - Copa America Brazil 2021
Argentina v Colombia: Semifinal - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസായിരുന്നു കൊളംബിയക്കെതിരെ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമി ഫൈനലിൽ അർജന്റീനയുടെ വിജയശില്പി. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ കൊളംബിയയുടെ മൂന്ന് കിക്കുകൾ തടഞ്ഞിട്ട മാർട്ടിനസിന്റെ ചിറകിലേറിയാണ് അർജന്റീന കോപ്പ അമേരിക്കയുടെ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സെമി ഫൈനലിൽ മാന്ത്രിക പ്രകടനം പുറത്തെടുത്തതിന് ശേഷം സംസാരിക്കവെ ടീമിന്റെ വിജയത്തെക്കുറിച്ചും വരാനിരിക്കുന്ന ഫൈനൽ മത്സരത്തെക്കുറിച്ചും മാർട്ടിനസ് മനസ് തുറന്നു.

ഏറെ നാളുകളായി താൻ വീട് വിട്ടു നിൽക്കുകയാണെന്നും അത് ഇതു പോലെയുള്ള നിമിഷങ്ങൾക്ക് വേണ്ടിയാണെന്നുമായിരുന്നു സെമി ഫൈനലിന് ശേഷം മാർട്ടിനസ് ആദ്യം പറഞ്ഞത്. തനിക്ക് പറയാൻ വാക്കുകളൊന്നും കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കനത്ത സുരക്ഷാ ബബിളിനുള്ളിലുള്ള തങ്ങൾ കഴിഞ്ഞ 40 ദിവസമായി മറ്റാരെയും കണ്ടിട്ടില്ലെന്നും വ്യക്തമാക്കി.

"എനിക്ക് പറയാൻ വാക്കുകളില്ല എന്നതാണ് സത്യം. 40 ദിവസങ്ങൾക്ക് മുൻപ് ഇവിടെയെത്തിയ ഞങ്ങളെ ഇവിടെ പൂട്ടിയിട്ടിരിക്കുന്നത് പോലെയാണ്. ആരെയും കാണാൻ കഴിയാത്ത ഏക ദേശീയ ടീമായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു. ഞങ്ങളൊരു ബബിളിലാണ്. ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ വന്ന 70 പേരടങ്ങുന്ന ഒരു കൂട്ടമാണ് ഞങ്ങളുടേത്." മാർട്ടിനസ് പറഞ്ഞു.

കൊളംബിയക്കെതിരായ മത്സരത്തിൽ തങ്ങൾ അതിവേഗം മുന്നിലെത്തിയെങ്കിലും എതിരാളികളും മികച്ച രീതിയിൽ കളിച്ചുവെന്ന് മാർട്ടിനസ് പറയുന്നു. കൊളംബിയൻ താരങ്ങൾ അവരുടെ എല്ലാം നൽകി പോരാടിയെന്നും രണ്ടാം പകുതിയിൽ വളരെ മികച്ച പ്രകടനം അവർ പുറത്തെടുത്തുവെന്നും ചൂണ്ടിക്കാട്ടിയ അർജന്റൈൻ ഗോൾകീപ്പർ, സ്കോർ നില 2-1 എന്ന നിലയിലാക്കി മത്സരം അവസാനിപ്പിക്കാൻ തങ്ങൾക്ക് അവസരമുണ്ടായിരുന്നെന്നും എന്നാൽ കൊളംബിയ തങ്ങളെ പെനാൽറ്റിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. കൊളംബിയ അതിശക്തരായിരുന്നുവെന്നും പെനാൽറ്റി ഭാഗ്യത്തിന്റെ കളിയാണെന്നും ചൂണ്ടിക്കാട്ടിയ മാർട്ടിനസ് ഇന്ന് തന്റെ ദിവസമായിരുന്നുവെന്ന് പറയാനും മറന്നില്ല.

ബ്രസീൽ മഹത്തായ ടീമാണെന്ന് ചൂണ്ടിക്കാട്ടിയ മാർട്ടിനസ് എന്നാൽ മികച്ച പരിശീലകനും, ലോകത്തെ ഏറ്റവും മികച്ച താരവും ഒപ്പമുള്ള തങ്ങൾ കോപ്പ അമേരിക്കയിൽ വിജയിക്കാൻ പോവുകയാണെന്നും കൂട്ടിച്ചേർത്തു.

facebooktwitterreddit