റൊണാൾഡോ എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് കിരീടം നേടാൻ സാധ്യതയുണ്ടെന്ന് റൂണി


യുവന്റസിൽ നിന്നും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയതോടെ നിരവധി വർഷങ്ങളായി ആഗ്രഹിക്കുന്ന പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതകൾ വർധിച്ചുവെന്ന് വെയ്ൻ റൂണി. 2006 മുതൽ 2009 വരെ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച് മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ താരമായ റൂണി പ്രീമിയർ ലീഗ് കിരീടം നേടാൻ യുണൈറ്റഡിന് പിന്തുണ നൽകുകയും ചെയ്തു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് യുവന്റസ് വിട്ട റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്നപ്പോൾ നിരവധി നേട്ടങ്ങൾ കൊണ്ട് ചരിത്രം കുറിച്ചിട്ടുള്ള പോർച്ചുഗൽ താരത്തിന്റെ തിരിച്ചുവരവ് ആരാധകർ വളരെയധികം ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അഞ്ചു വർഷങ്ങളായുള്ള ക്ലബിന്റെ കിരീടവരൾച്ച പരിഹരിക്കാൻ റൊണാൾഡോക്ക് കഴിയുമെന്ന് റൂണി അഭിപ്രായപ്പെട്ടത്.
?"He’s still one of the best players in the world and can have an impact on the rest of this league. United can, and need to challenge for the title.”
— Football Daily (@footballdaily) September 8, 2021
Wayne Rooney feels confident Cristiano Ronaldo can help Manchester United win the Premier League pic.twitter.com/wyKoBJFyNW
"റൊണാൾഡൊയുണ്ടാക്കുന്ന പ്രഭാവം എന്തായിരിക്കും? അതു വളരെ മികച്ചതായിരിക്കും, അദ്ദേഹം ഇപ്പോഴും ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളാണെന്നു ഞാൻതീർച്ചയായും കരുതുന്നു. അയർലണ്ടിനെതിരായ മത്സരത്തിൽ താരം എന്താണു ചെയ്തതെന്നു നമ്മൾ കണ്ടതാണ്. അവസാന മിനിറ്റുകളിൽ രണ്ടു മികച്ച ഹെഡറുകളിലൂടെ രണ്ടു ഗോളുകൾ. താരത്തിന് ഈ ലീഗിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയും."
"ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടത്തിനു വേണ്ടി വെല്ലുവിളി ഉയർത്താൻ തയ്യാറായി എന്നാണു ഞാൻ കരുതുന്നത്. ഈ വർഷം അവർക്കതിനു കഴിയുമെന്നും ഞാൻ കരുതുന്നു. റൊണാൾഡോ അതിൽ നിർണായക സ്വാധീനമാകും. വളരെ മഹത്തായ നിമിഷങ്ങൾ ഈ സീസണിൽ സമ്മാനിക്കാൻ പോകുന്ന താരം നിരവധി ഗോളുകളും നേടും." റൂണി ടോക്ക് സ്പോർട്ടിനോട് പറഞ്ഞു.
റൊണാൾഡോക്ക് മുപ്പത്തിയേഴു വയസാണെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വേഗതയോടു പിടിച്ചു നിൽക്കാൻ താരത്തിനു കഴിയുമെന്നു തന്നെയാണ് റൂണി ഉറച്ചു വിശ്വസിക്കുന്നത്. വളരെ കൃത്യം സമയത്തു തന്നെയാണ് റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയതെന്നും ടീമിലെ യുവതാരങ്ങൾക്ക് അതു പ്രചോദനം നൽകുമെന്നും റൂണി കൂട്ടിച്ചേർത്തു.