റൊണാൾഡോയുമായി പ്രശ്നമുണ്ടായിരുന്നില്ല; ഞാനും അതുതന്നെ ചെയ്യുമായിരുന്നു: 2006 ലോകകപ്പിലെ റെഡ് കാർഡിനെ കുറിച്ച് റൂണി

പോർച്ചുഗലും ഇംഗ്ലണ്ടും തമ്മിൽ നടന്ന 2006 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വെയ്ൻ റൂണിക്ക് റെഡ് കാർഡ് ലഭിച്ചതും, തുടർന്നുള്ള പോർച്ചുഗൽ ബെഞ്ചിന് നേരെയുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണിറുക്കലും ഏറെ വിവാദമായതും ഫുട്ബോൾ ലോകം ഏറെ ചർച്ച ചെയ്തതുമായ കാര്യങ്ങളാണ്. ഇപ്പോഴിതാ, അതിന്റെ പേരിൽ റൊണാൾഡോയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ് റൂണി.
'റൂണി' എന്ന പേരുള്ള തന്റെ ഡോക്യൂമെന്ററി അടുത്ത ആഴ്ച ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി മെയിൽ ഓൺ സൺഡേക്ക് നൽകിയ അഭിമുഖത്തിലാണ് റൂണി, 2006 ലോകകപ്പിൽ ലഭിച്ച റെഡ് കാർഡിനെ കുറിച്ച് സംസാരിച്ചത്. തനിക്ക് റെഡ് കാർഡ് നൽകാൻ റഫറിയെ പ്രേരിപ്പിക്കുകയും, തന്നെ പുറത്താക്കിയതിന് ശേഷം പോർച്ചുഗലിന് ബെഞ്ചിന് നേരെ കണ്ണിറുക്കുകയും ചെയ്ത റൊണാൾഡോയുമായി പ്രശ്നം ഉണ്ടായിരുന്നില്ലെന്ന് പറയുന്ന റൂണി, ഇംഗ്ലണ്ടിനെ വിജയിപ്പിക്കാൻ വേണ്ടി താനും അതേ കാര്യം തന്നെ ചെയ്യുമായിരുന്നെന്നും വ്യക്തമാക്കി.
മെയിൽ ഓൺ സൺഡേക്ക് നൽകിയ അഭിമുഖത്തിൽ, ആ സംഭവത്തെ കുറിച്ച് റൂണി പറയുന്നതിങ്ങനെ: "പോർച്ചുഗലിന് എതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഞാൻ (ചുവപ്പ് കാർഡ് കണ്ട്) പുറത്താവുകയും ഞങ്ങൾ പെനാൽറ്റിയിൽ തോൽക്കുകയും ചെയ്തതിന് ശേഷം, ഞാൻ റൊണാൾഡോയെ ടണലിലേക്ക് കൊണ്ട് വന്നു. (എന്നിട്ട്) ഞാൻ പറഞ്ഞു: 'ശ്രദ്ധിക്കൂ, നിനക്ക് പത്രങ്ങളിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ കേൾക്കാൻ പോകുന്നു. എനിക്കും പത്രങ്ങളിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ കേൾക്കാൻ പോകുന്നു. ഇപ്പോൾ എന്റെ ശ്രദ്ധ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആണ്. എനിക്ക് യാതൊരു പ്രശ്നവുമില്ല. പോർച്ചുഗലിന് എതിരെ ഇംഗ്ലണ്ടിനെ വിജയിപ്പിക്കാൻ ഞാനും ഇതേ കാര്യം ചെയ്യുമായിരുന്നു. നമുക്ക് ഇത് ഒരു വലിയ വർഷമാണ്. ലീഗ് വിജയിക്കാനുള്ള എല്ലാ സാധ്യതയും നമുക്കുണ്ട്.'
"ഞങ്ങൾ പുറത്തായതോടെ എന്റെ ശ്രദ്ധ പൂർണമായും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. (റെഡ് കാർഡിന്റെ പേരിൽ ഞാനും റൊണാൾഡോയും തമ്മിൽ) ഒരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ആദ്യ പകുതിയിൽ ഡൈവിങ്ങിന്റെ പേരിൽ അവനെ ബുക്ക് ചെയ്യാൻ ഞാൻ ശ്രമിച്ചിരുന്നു. ഞാൻ ഇംഗ്ലണ്ടിന് വേണ്ടിയാണ് കളിക്കുന്നത്, അവൻ പോർച്ചുഗലിനായാണ് കളിക്കുന്നത്. വിജയിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക. സത്യം പറഞ്ഞാൽ, ഞാൻ കാർവാലോയെ മനപ്പൂർവ്വം ചവിട്ടിയതാണോ അല്ലയോ എന്ന് എനിക്കിപ്പോഴും അറിയില്ല. എന്റെ (മനസ്) അപ്പോൾ ബ്ലാങ്ക് ആയിരുന്നിരിക്കണം."
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.