മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാകാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് വെയിന്‍ റൂണി

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാകാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് വെയിന്‍ റൂണി. ഏറെക്കാലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായിരുന്ന റൂണി നേരത്തെയും ചുവന്ന ചെകുത്താന്മാരുടെ പരിശീലകനാവണമെന്നുള്ള ആഗ്രഹം തുറന്നു പറഞ്ഞിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ വേണ്ടിയാണ് താൻ മാനേജ്മെന്റ് ജോലിയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും റൂണി വെളിപ്പെടുത്തി.
"ഞാന്‍ മാനേജ്മെന്റ് ജോലിയിലേക്ക് പോകാനുള്ള മുഴുവന്‍ കാരണവും മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. എവര്‍ട്ടണില്‍ മാനേജറാവുന്നതിന് വേണ്ടിയുള്ള അഭിമുഖത്തിന് എനിക്ക് അസവരം ലഭിച്ചിരുന്നു," റൂണി ദി സണിനോട് വെളിപ്പെടുത്തി.
"എനിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജരാകണം. ഞാന്‍ ഇപ്പോള്‍ അതിന് തയ്യാറല്ലെന്ന് എനിക്കറിയാം, പക്ഷേ ഒരു ദിവസം അത് സംഭവിക്കുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ചെയ്യുന്നതെല്ലാം ആസൂത്രണം ചെയ്യും," റൂണി കൂട്ടിച്ചേര്‍ത്തു.
2020ല്‍ ഡര്‍ബി കൗണ്ടിയില്‍ കളിക്കാരനും പരിശീലകനുമായിട്ടായിരുന്നു റൂണി തന്റെ പരിശീലക കരിയര്‍ ആരംഭിച്ചത്. നിലവിൽ ഡര്‍ബി കൗണ്ടിയുടെ മുഴുവന്‍ സമയ പരിശീലകനാണ് റൂണി.
പ്രീമിയര്‍ ലീഗ് ക്ലബായ എവര്‍ട്ടണിന്റെ പരിശീലകനാകാവുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും ഡര്‍ബി കൗണ്ടിയെ വിടാന്‍ റൂണി തയ്യാറായിരുന്നില്ല.
"ഞാന്‍ ഒരു പ്രീമിയര്‍ ലീഗ് മാനേജരാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറു ശതമാനം ഞാന്‍ അതിന് തയ്യാറാണെന്ന് എനിക്കുറപ്പുണ്ട്. അത് എവര്ട്ടണിനൊപ്പമാണെങ്കില് അത് വളരെ മികച്ചതായിരിക്കും. എന്നാല്‍ ഇപ്പോള്‍ എനിക്ക് ഡര്‍ബി കൗണ്ടിയിലെ ജോലിയാണ് പ്രധാനപ്പെട്ടത്," റൂണി അന്ന് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.