Top Stories

"സുവാരസ് എനിക്കു വേണ്ട കളിക്കാരനല്ല"- യുറുഗ്വായ് താരത്തെ സ്വന്തമാക്കാനുള്ള സാധ്യതകൾ തള്ളി റൂണി

Sreejith N
Wayne Rooney Reject Possibilities To Sign Luis Suarez
Wayne Rooney Reject Possibilities To Sign Luis Suarez / Anadolu Agency/GettyImages
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായ യുറുഗ്വയ്‌ താരം ലൂയിസ് സുവാരസിനെ സ്വന്തമാക്കാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് എംഎൽഎസ് ക്ലബായ ഡിസി യുണൈറ്റഡിന്റെ പരിശീലകനായ വെയ്ൻ റൂണി. സുവാരസ് ഡിസി യുണൈറ്റഡിനു ചേരുന്ന താരമാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ റൂണി വിജയങ്ങൾക്കായി കൂടുതൽ ആർത്തിയുള്ള താരങ്ങളെയാണ് തനിക്ക് വേണ്ടതെന്നും പറഞ്ഞു.

മുപ്പത്തിയഞ്ചുകാരനായലൂയിസ് സുവാരസുമായി കരാർ പുതുക്കുന്നില്ലെന്ന് അത്ലറ്റികോ മാഡ്രിഡ് തീരുമാനം എടുത്തതിനു പിന്നാലെയാണ് താരം ക്ലബ് വിട്ടത്. പുതിയ ക്ലബ്ബിനെ തേടുന്ന താരം എംഎൽഎസിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. റൂണി ഡിസി യുണൈറ്റഡ് പരിശീലകനായി ചുമതല ഏറ്റെടുത്തതോടെ സുവാരസ് ക്ലബിലെത്താൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്‌തിരുന്നു.

"ലൂയിസ് സുവാരസിനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. അവിശ്വസനീയ കഴിവുകളുള്ള താരമാണ് അദ്ദേഹം. പക്ഷെ എനിക്ക് വേണ്ടത് വിജയങ്ങളോട് ആർത്തിയുള്ള താരങ്ങളെയാണ്." കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനത്തിൽ റൂണി പറഞ്ഞു.

"ഈ ക്ലബിലേക്കു വരുന്ന താരങ്ങൾ ആർത്തിയുള്ളവരാവണം എന്നതിന് പുറമെ ഒരുപാട് നൽകാനും എല്ലാ മത്സരങ്ങൾ കളിക്കാനും എല്ലാ പരിശീലനസെഷൻ പൂർത്തിയാക്കാനും കഴിയുന്നവർ ആയിരിക്കണം. ഞങ്ങൾ ഉചിതമായ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. സമീപഭാവിയിൽ തന്നെ പുതിയ സൈനിംഗുകൾ പ്രഖ്യാപിക്കും." റൂണി പറഞ്ഞു.

അത്ലറ്റികോ മാഡ്രിഡിനൊപ്പമുള്ള ആദ്യത്തെ സീസണിൽ ഗംഭീര പ്രകടനം നടത്തിയ സുവാരസ് ടീമിന് ലീഗ് നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ അതാവർത്തിക്കാൻ താരത്തിന് കഴിഞ്ഞില്ല. നിരവധി അമേരിക്കൻ ക്ലബുകളിൽ നിന്നും ഓഫറുകൾ ഉണ്ടെങ്കിലും വളരെ സൂക്ഷിച്ചെ അതിൽ തീരുമാനമെടുക്കൂവെന്ന് താരം പറഞ്ഞിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit