Football in Malayalam

ഫോഡനും, ഗ്രീലിഷും വേണ്ട, റാഷ്ഫോഡ് ആദ്യ ഇലവനിൽ; ജെർമ്മനിക്കെതിരെ കളിക്കേണ്ട ഇംഗ്ല‌ണ്ട് ഇലവനെ തിരഞ്ഞെടുത്ത് റൂണി

Gokul Manthara
England v Scotland - UEFA Euro 2020: Group D
England v Scotland - UEFA Euro 2020: Group D / Matt Dunham - Pool/Getty Images
facebooktwitterreddit

ജെർമ്മനിക്കെതിരെ നടക്കാനിരിക്കുന്ന യൂറോ 2020 യുടെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് മൂന്ന് ഡിഫൻസീവ് മിഡ്ഫീൽഡർമാരുമായാകണം കളിക്കേണ്ടതെന്ന് അവരുടെ മുൻ താരമായ വെയിൻ റൂണി. സൂപ്പർ താരങ്ങളായ ജാക്ക് ഗ്രീലിഷ്, ഫിൽ ഫോഡൻ എന്നിവരെ ഈ മത്സരത്തിൽ തങ്ങളുടെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇംഗ്ല‌ണ്ട് ഉൾപ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടുന്ന റൂണി, മാർക്കസ് റാഷ്ഫോഡ് ആദ്യ ഇലവനിലുണ്ടാകണമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ‌ ദിവസം ദി ടൈംസിൽ എഴുതിയ കോളത്തിലായിരുന്നു ജെർമ്മനിക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ടീമിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും, ഈ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം എങ്ങനെയായിരിക്കണമെന്നും റൂണി ചൂണ്ടിക്കാട്ടിയത്.

ചെക്ക് റിപ്പബ്ലിക്കെതിരായ മത്സരത്തിൽ ജാക്ക് ഗ്രീലിഷ് മികച്ച പ്രകടനം നടത്തിയെന്ന് സമ്മതിക്കുന്ന റൂണി, ജെർമ്മനിയുടെ കളി രീതി വ്യത്യസ്തമായതിനാലാണ് അവർക്കെതിരെ തുടക്കം മുതൽ ഗ്രീലിഷിനെ കളിപ്പിക്കേണ്ടെന്ന് താൻ പറയുന്നതെന്നും കൂട്ടിച്ചേർത്തു. വ്യത്യസ്ത എതിരാളികൾക്കെതിരെ കളിക്കുമ്പോൾ വ്യത്യസ്ത സമീപനങ്ങളാണ് വേണ്ടതെന്ന്‌ ചൂ‌ണ്ടിക്കാട്ടുന്ന അദ്ദേഹം, ജെർമ്മനിക്കെതിരായ മത്സരം ഗ്രീലിഷിനേക്കാൾ, റാഷ്ഫോഡിന് അനുയോജ്യമായതാണെന്നും വ്യക്തമാക്കി‌.

റാഷ്ഫോഡിനൊപ്പം ഹാരി കെയിനും ജെർമ്മനി ക്കെതിരെ ഇംഗ്ലണ്ട് മുന്നേറ്റത്തിൽ വേണമെന്ന് ചൂണ്ടിക്കാട്ടുന്ന റൂണി, റഹീം സ്റ്റെർലിംഗ്, ബുകായോ സാക, ജേഡൻ സാഞ്ചോ എന്നിവരിൽ ഒരാളും സ്റ്റാർട്ടിംഗ് ഇലവനിൽ കളിക്കണമെന്നാണ് പറയുന്നത്. മൂന്ന് ഹോൾഡിംഗ് മിഡ്ഫീൽഡർമാരുമായാകണം ഇംഗ്ലണ്ട് ജെർമ്മനിയെ നേരിടേണ്ടതെന്ന് നിർദ്ദേശിക്കുന്ന റൂണി, ജോർദാൻ ഹെൻഡേഴ്സൺ പൂർണ ഫിറ്റ്നസിലാണെങ്കിൽ അദ്ദേഹത്തിനൊപ്പം ഡെക്ലൻ റൈസ്, കാൽവിൻ ഫിലിപ്സ് എന്നിവരെ മധ്യനിരയിൽ കളിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹെൻഡേഴ്സണ് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടെങ്കിൽ ജൂഡ് ബെല്ലിംഗ് ഹാമിനെയാകണം മധ്യനിരയിൽ അണിനിരത്തേണ്ടതെന്നും കൂട്ടിച്ചേർത്തു.

ജോൺ സ്റ്റോൺസും, ഹാരി മഗ്വയറുമാണ് പ്രീക്വാർട്ടർ മത്സരത്തിനായി റൂണി തിരഞ്ഞെടുക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ സെന്റർ ബാക്ക് സ്ഥാനത്ത് കളിക്കുക. ലൂക്ക് ഷോ ഇടത് ബാക്കായും, കൈൽ വാക്കർ വലത് ബാക്കായും ടീമിലു‌ണ്ട്‌. ഗോൾ കീപ്പർ സ്ഥാനത്ത് ജോർദാൻ പിക്ക്ഫോഡിനത്തന്നെയാണ് റൂണി തിരഞ്ഞെടുക്കുന്നത്.

വെയിൻ റൂണി തിരഞ്ഞെടുത്ത, പ്രീക്വാർട്ടർ മത്സരത്തിനുള്ള ഇംഗ്ലണ്ട് ഇലവൻ ഇങ്ങനെ,

ജോർദാൻ പിക്ക്ഫോഡ് (ഗോൾകീപ്പർ)
ലൂക്ക്‌ ഷോ
ജോൺ സ്റ്റോൺസ്
ഹാരി മഗ്വയർ
കൈൽ വാക്കർ
ഡെക്ലൻ റൈസ്
ജോർദാൻ ഹെൻഡേഴ്സൺ
കാൽവിൻ ഫിലിപ്സ്
മാർക്കസ് റാഷ്ഫോഡ്
റഹീം സ്റ്റെർലിംഗ്
ഹാരി കെയിൻ.

facebooktwitterreddit