എടികെ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ ജോർജ് പെരേര ഡയസിന് റെഡ് കാർഡ് കിട്ടിയോ?

എം ടി.കെ മോഹൻ ബഗാനെതിരെയുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരം അത്യന്തം ആവേശകരമായിരുന്നു. ഇരു ടീമുകൾക്കും നിർണായകമായിരുന്ന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
ബ്ലാസ്റ്റേഴ്സിന് വേണ്ടി അഡ്രിയാൻ ലൂണ രണ്ട് ഗോളുകൾ നേടിയ മത്സരം 2-2ന്റെ സമനിലയിലാണ് കലാശിച്ചത്. 7ആം മിനുറ്റിൽ ലൂണയുടെ ഫ്രീകിക്കിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യ ഗോൾ നേടിയത്. തൊട്ടു പിന്നാലെ, 8ആം മിനുറ്റിൽ ഡേവിഡ് വില്യംസ് സമനില ഗോൾ കണ്ടെത്തി. 64ആം മിനുറ്റിൽ ലൂണയുടെ മറ്റൊരു മനോഹര ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്കടുത്തെങ്കിലും, പരിക്ക് സമയത്തിന്റെ ഏഴാം മിനുറ്റിൽ ജോണി കൗക്കോ എടികെക്ക് വേണ്ടി സമനില ഗോൾ നേടുകയായിരുന്നു.
മത്സരം സമനിലയിൽ കലാശിച്ചെങ്കിലും, കേരളാ ബ്ലാസ്റ്റേഴ്സ് താരം ജോർജ് പെരേര ഡയസിന് ചുവപ്പ് ലഭിച്ചോ എന്നാണ് ആരാധകരുടെ ആശങ്ക. മത്സരത്തിൽ തന്നെ പിൻവലിച്ചപ്പോൾ കളം വിടാൻ ഏറെ സമയമെടുത്തതിന് ഡയസിന് റഫറി മഞ്ഞകാർഡ് നൽകിയിരുന്നു.
മത്സരത്തിന്റെ പരിക്ക് സമയത്ത് കൗക്കോ നേടിയ സമനില ഗോളിന് പിന്നാലെ, ഡഗ്ഔട്ടിൽ നടന്ന വാഗ്വാദങ്ങൾക്കൊടുവിൽ ഇരു ടീമിനും ഓരോ റെഡ് കാർഡ് റഫറി നൽകിയിരുന്നു. ഇരു ടീമുകൾക്കും ഓരോ റെഡ് കാർഡ് റഫറി നൽകിയതിന് ശേഷം, ടെലിവിഷൻ സ്ക്രീനിൽ ഡയസിനെ കാണിച്ചതോടെയാണ് താരത്തിനാണോ റെഡ് കാർഡ് ലഭിച്ചത് എന്ന ആശങ്ക ആരാധകർക്കിടയിൽ ഉടലെടുത്തത്. റെഡ് കാർഡ് ഡയസിന് തന്നെയാണ് ലഭിച്ചതെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
താരത്തിന് തന്നെയാണ് റെഡ് കാർഡ് ലഭിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്റർ മാർക്കസ് മെർഗുലാവോ വ്യക്തമാക്കിയിട്ടുണ്ട്.
One game suspension for a red card, unless the disciplinary committee decides otherwise. Not sure why Jorge Pereyra Diaz was given the red card, but it's confirmed that he was shown the red by the referee in 90+7 minute. https://t.co/FS5Qd7CTiT
— Marcus Mergulhao (@MarcusMergulhao) February 19, 2022
ഡയസിന് എന്തിനാണ് റെഡ് കാർഡ് ലഭിച്ചതെന്ന് വ്യക്തമല്ല. റെഡ് കാർഡ് ലഭിച്ചതിനാൽ താരത്തിന് അടുത്ത മത്സരം നഷ്ടമാകുമെന്നത് പ്ലേ ഓഫ് ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. താരത്തിന് റെഡ് കാർഡ് ലഭിച്ചതിന് എതിരെ ബ്ലാസ്റ്റേഴ്സിന് അപ്പീൽ പോകാൻ കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.