1958നു ശേഷം ലോകകപ്പ് യോഗ്യത നേടി വെയിൽസ്, വിരമിക്കാനുള്ള പദ്ധതികൾ നീട്ടിവെച്ച് ബേൽ
By Sreejith N

യുക്രൈനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി 1958നു ശേഷം ആദ്യമായി ലോകകപ്പിനു യോഗ്യത നേടി വെയിൽസ്. ഇന്നലെ നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ ഗാരെത് ബേലിന്റെ ഫ്രീകിക്ക് കുത്തിയകറ്റാൻ യുക്രൈൻ നായകൻ ആൻഡ്രി യാർമലെങ്കോ ശ്രമിച്ചപ്പോൾ പിറന്ന സെൽഫ് ഗോളിലൂടെയാണ് വെയിൽസ് ലോകകപ്പിന് യോഗ്യത നേടിയത്.
വെയിൽസ് ലോകകപ്പ് യോഗ്യത നേടിയതോടെ ടീമിന്റെ നായകനായ ഗാരെത് ബേൽ ഫുട്ബോളിൽ നിന്നും വിരമിക്കാനുള്ള പദ്ധതികൾ നീട്ടിവെച്ചിട്ടുണ്ട്. ജൂണിൽ റയൽ മാഡ്രിഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന താരം മറ്റൊരു ക്ലബിലേക്കും ചേക്കേറാൻ സാധ്യതയില്ലെന്നും ഫുട്ബോളിൽ നിന്നും തന്നെ വിരമിക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും വെയിൽസ് ലോകകപ്പിന് യോഗ്യത നേടുന്നതോടെ അതിൽ മാറ്റങ്ങളുണ്ടാകും.
Wales beat Ukraine to qualify for the World Cup for the first time since 1958 🏴 pic.twitter.com/0P4ad83SJy
— GOAL (@goal) June 5, 2022
കാർഡിഫ് സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ യുക്രൈൻ ആധിപത്യം സ്ഥാപിച്ചെങ്കിലും വിജയം വെയിൽസിന്റെ കൂടെ നിൽക്കുകയായിരുന്നു. ബേലിന്റെ ഫ്രീ കിക്കിൽ പിറന്ന സെൽഫ് ഗോളിനു പുറമെ വെയിൽസ് ഗോൾകീപ്പർ വെയ്ൻ ഹെന്നസിയുടെ പ്രകടനവും ആതിഥേയരെ രക്ഷിച്ചു. യുക്രൈൻ ഇരുപത്തിരണ്ടു ഷോട്ടുകൾ ഉതിർത്തപ്പോൾ ഒൻപതു സേവുകളാണ് ഹെന്നസി നടത്തിയത്.
ഈ വിജയം വെയിൽസസിന്റെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നാണ് മത്സരത്തിനു ശേഷം ബേൽ പ്രതികരിച്ചത്. ലോകകപ്പിനു പോകുന്നതിലെ ആവേശം വെളിപ്പെടുത്തിയ താരം ദേശീയ ടീമിലേക്ക് വരുമ്പോൾ ഇതു സ്വപ്‌നം കണ്ടിരുന്നുവെന്നും അറിയിച്ചു. വാക്കുകൾ കൊണ്ടതിനെ വിവരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയ ബേൽ തന്റെ വിരമിക്കാനുള്ള പദ്ധതികൾ മാറ്റിവെച്ചുവെന്നും വ്യക്തമാക്കി.
ബേൽ വിരമിക്കൽ പദ്ധതികൾ മാറ്റി വെക്കുന്നത് യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ ക്ലബുകൾ ശ്രമം നടത്തുന്നുമുണ്ട്. മുപ്പത്തിരണ്ടു വയസുള്ള താരം പ്രീമിയർ ലീഗിലേക്കു തന്നെ തിരിച്ചെത്താനുള്ള സാധ്യതയാണ് കൂടുതൽ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.