ഫ്രഞ്ച് ലീഗിലൊരു അത്ഭുത ഗോൾ; 75 വാരെയകലെ‌ നിന്ന് മുൻ പ്രീമിയർ ലീഗ് താരം നേടിയ ഗോൾ ഏറ്റെടുത്ത് ഫുട്ബോൾ ലോകം

Football Club de Metz v AS Saint-Etienne - Ligue 1 Uber Eats
Football Club de Metz v AS Saint-Etienne - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ഫ്രഞ്ച് ലീഗിൽ മെറ്റ്സിനെതിരെ നടന്ന മത്സരത്തിൽ അത്ഭുത ഗോൾ സ്കോർ ചെയ്ത് സെന്റ് എറ്റിയന്റെ ടുണീഷ്യൻ താരം വഹ്ബി ഖസ്രി. സ്വന്തം പകുതിയിൽ നിന്ന് താരം തൊടുത്ത തകർപ്പൻ ലോംഗ് റേഞ്ചർ 75 വാര അകലെയുള്ള എതിർ ഗോൾ പോസ്റ്റിലേക്ക് കൃത്യമായി എത്തുകയായിരുന്നു. ഖസ്രിയുടെ ഈ ഗോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു.

മെറ്റ്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെന്റ് എറ്റിയൻ ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോളായിരുന്നു ൽ ഖസ്രിയുടെ മാസ്മരിക ഗോൾ പിറന്നത്. സ്വന്തം ബോക്സിൽ നിന്ന് പന്ത് സ്വീകരിച്ച് മൈതാന മധ്യത്തിലൂടെ മുന്നേറിയ ഖസ്രി എതിർ ഗോൾ കീപ്പർ മുന്നിലേക്ക് കയറി നിൽക്കുന്നത് ശ്രദ്ധയിൽ പ്പെട്ട ഉടനേ സ്വന്തം പകുതിയിൽ നിന്ന് ഗോൾ ലക്ഷ്യമാക്കി ഷോട്ട് ഉതിർക്കുകയായിരുന്നു. ഖസ്രി അപ്രതീക്ഷിതമായി തൊടുത്ത ഷോട്ട് തടുക്കാൻ മെറ്റ്സ് ഗോൾ കീപ്പർ അലെക്സാന്ദ്രെ ഔകിഡ ശ്രമിച്ചെങ്കിലും അദ്ദേഹമതിൽ പരാജയപ്പെട്ടു. ഒരു ഭാഗ്യപരീക്ഷണമെന്ന നിലയിൽ 75 വാരയകലെ നിന്ന് ഖസ്രി തൊടുത്ത ഷോട്ട് അങ്ങനെ വലയിലെത്തി.

68 മീറ്റർ അകലെ നിന്നാണ് ഖസ്രിയുടെ ഗോളെന്ന് വ്യക്തമാക്കിയ ഒപ്റ്റ, തങ്ങൾ ലീഗ് വണ്ണിലെ‌ ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം ഫ്രഞ്ച് ലീഗിൽ പിറന്ന ഏറ്റവും അകലെ നിന്നുള്ള ഗോളാണ് ഖസ്രി നേടിയതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വെയിൻ റൂണി, ഡേവിഡ് ബെക്കാം എന്നീ ഇതിഹാസ താരങ്ങളെ ഓർമ്മിപ്പിക്കുന്ന ഖസ്രിയുടെ ഗോൾ എന്തായാലും അടുത്ത പുസ്കാസ് അവാർഡിന് വേ‌ണ്ടി ശക്തമായി മത്സരിക്കാനുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

അതേ സമയം പ്രീമിയർ ലീഗ് ക്ലബ്ബായ സണ്ടർലൻഡിന്റെ കളികാരനായിരുന്ന ഖസ്രി, 2018 ലാണ് സെന്റ് എറ്റിയനിൽ എത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ടുണീഷ്യക്ക് വേണ്ടി കളിക്കുന്ന ഈ മുപ്പതുകാരൻ ഒരൊറ്റ ഗോളിലൂടെ ലോക ഫുട്ബോളിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിക്കഴിഞ്ഞു.

facebooktwitterreddit