Football in Malayalam

വുകോമനോവിച്ച് അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് തുടരും, ദീർഘകാല കരാർ നൽകുന്നതും പരിഗണനയിൽ

Sreejith N
Kerala Blasters coach Ivan Vukomanovic
Kerala Blasters coach Ivan Vukomanovic / Indian Super League
facebooktwitterreddit

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്‌ച വെക്കുന്ന മികച്ച പ്രകടനത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിലും ക്ലബിനൊപ്പം തുടരും. ഒരു വർഷത്തെ കരാറിലാണ് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയതെങ്കിലും ടീം നടത്തുന്ന കുതിപ്പു പരിഗണിച്ച് അടുത്ത സീസണിലും അദ്ദേഹത്തെ നിലനിർത്താൻ തീരുമാനമായെന്ന് ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങളെ അടിസ്ഥാനമാക്കി ഖേൽ നൗ റിപ്പോർട്ടു ചെയ്യുന്നു.

"കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിലും തുടരും. അദ്ദേഹത്തിന്റെ കരാറിൽ ടീമിന്റെ പ്രകടനം കണക്കാക്കിയുള്ള ചില ഉടമ്പടികളുണ്ട്. അതിൽ എത്തിക്കഴിഞ്ഞാൽ സ്വാഭാവികമായും കരാർ പുതുക്കും." ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായി ഖേൽ നൗവിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മറ്റുള്ള ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ ഒഴിവാക്കാൻ സെർബിയൻ പരിശീലകനുമായി ദീർഘകാല കരാർ ഒപ്പിടാനും നീക്കമുണ്ടെന്നും അവർ പറഞ്ഞു. "രണ്ടു കക്ഷികളും പുതിയ ഡീൽ ഒപ്പിടാൻ ഒരുങ്ങുകയാണ്. ഈ സീസൺ അവസാനിച്ചതിനു ശേഷം വുകോമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാർ നൽകാനും സാധ്യതയുണ്ട്." ക്ലബ് സോഴ്‌സ് വ്യക്തമാക്കി.

44 വയസുള്ള സെർബിയൻ പരിശീലകന് കീഴിൽ ഈ സീസണിൽ ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് പത്തു മത്സരങ്ങൾ അപരാജിതരായി ലീഗിൽ പൂർത്തിയാക്കിയിരുന്നു. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിയെക്കാൾ രണ്ടു മത്സരം കുറവു കളിച്ച് മൂന്നു പോയിന്റ് മാത്രം പിന്നിലാണുള്ളത്. നിലവിലെ ഫോം തുടർന്നാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാർ കൊമ്പന്മാർ തന്നെയാകും.

ഈ സീസണിൽ പതിമൂന്നു മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് ആറു ജയവും അഞ്ചു സമനിലയും നേടിയപ്പോൾ രണ്ടു മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയത്. ഇനി വരുന്ന മത്സരത്തിൽ ലീഗിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ജംഷഡ്‌പൂരിനെ നേരിടാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അടുത്ത സീസണിലും തുടരുമെന്ന സൂചനകൾ വുകോമനോവിച്ച് തന്നെ നൽകിയിരുന്നു. രണ്ടു കക്ഷികൾക്കും അക്കാര്യത്തിൽ പ്രശ്‌നമില്ലെന്നും ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit