ഇന്ത്യയിലുള്ളവർ ഒറ്റരാത്രി കൊണ്ട് അത്ഭുതം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരാണെന്ന് വുകോമനോവിച്ച്

Sreejith N
Ivan Vukomanovic
Ivan Vukomanovic / Indian Super League
facebooktwitterreddit

ഇന്ത്യയിലുള്ളവർ ഒരു രാത്രി കൊണ്ട് അത്ഭുതം സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നവരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഐഎസ്എല്ലിനെ കുറിച്ചും ഇന്ത്യയിൽ ഫുട്ബോളിന്റെ വളർച്ചയെക്കുറിച്ചും സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച ഫലങ്ങളും സ്ഥിരതയാർന്ന പ്രകടനവും നേട്ടങ്ങളും പടിപടിയായി മാത്രമേ ഉണ്ടാക്കിയെടുക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

"ഐഎസ്‌എല്ലിനെക്കുറിച്ച് ഞാൻ ഇവിടെയുണ്ടായിരുന്ന ചുരുങ്ങിയ സമയത്തിൽ പറയുകയാണെങ്കിൽ, ഇന്ത്യയിലുള്ള ഒരുപാട് പേർ ഒരു രാത്രി കൊണ്ടോ ഒരു മാസത്തിലോ അത്ഭുതങ്ങൾ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നവരാണ്. ഫുട്ബാളിൽ അത് സാധ്യമല്ല, നിങ്ങൾക്ക് സ്ഥിരത വേണമെങ്കിൽ, മികച്ച ഫലങ്ങളും നേട്ടങ്ങളും വേണമെങ്കിൽ, ഇതിനെല്ലാം സമയം ആവശ്യമാണ്." മാധ്യമങ്ങളോട് വുകോമനോവിച്ച് പറഞ്ഞു.

എഫ്‌സി ഗോവക്കെതിരെ നടക്കുന്ന മത്സരത്തിൽ പ്രതിരോധതാരം ഖബ്ര സസ്‌പെൻഷൻ മൂലം കളിക്കില്ലെങ്കിലും അതിനെ മറികടക്കാൻ കഴിയുന്ന താരങ്ങൾ ടീമിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതു ഫ്‌ളാങ്കിലും കളിക്കാൻ കഴിയുന്ന സഹൽ, ഫുൾ ബാക്കായും വിങ്ങറായും തിളങ്ങാൻ കഴിയുന്ന നിഷു കുമാർ എന്നിങ്ങനെ വ്യത്യസ്‌തമായ പൊസിഷനിൽ കളിക്കാൻ കഴിയുന്ന താരങ്ങൾ ടീമിനൊപ്പമുള്ളത് പരിശീലകനെന്ന നിലയിൽ സന്തോഷം നൽകുന്ന കാര്യമാണെന്നും വുകോമനോവിച്ച് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റിക്കെതിരെ വിജയിച്ചതോടെ പ്ലേ ഓഫിനു യോഗ്യത നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇന്നു രാത്രി നടക്കുന്ന മത്സരം അപ്രധാനമാണ്. ഇന്നത്തെ മത്സരത്തിൽ എത്ര ഗോളിനു വിജയിച്ചാലും നാലാം സ്ഥാനത്തു നിന്നു മുന്നേറാൻ കഴിയില്ല എന്നിരിക്കെ മികച്ച വിജയത്തോടെ പ്ലേ ഓഫിനു തയ്യാറെടുക്കാൻ തന്നെയാവും ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit