Football in Malayalam

ആദ്യപാദത്തിലെ വിജയം ലോകകപ്പ് നേടിയതു പോലെയാണ് ബ്ലാസ്റ്റേഴ്‌സ് ആഘോഷിച്ചതെന്ന് കോയ്ൽ, മറുപടിയുമായി വുകോമനോവിച്ച്

Sreejith N
Ivan Vukomanovic Responded To Owen Coyle
Ivan Vukomanovic Responded To Owen Coyle / ISL
facebooktwitterreddit

ഐഎസ്എൽ പ്ലേ ഓഫിന്റെ ആദ്യപാദത്തിൽ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ നേടിയ ഒരു ഗോൾ വിജയം ലോകകപ്പ് നേടിയതു പോലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആഘോഷിച്ചതെന്ന ജംഷഡ്‌പൂർ പരിശീലകൻ ഓവൻ കൊയ്‌ലിൻറെ കളിയാക്കലിനു മറുപടിയുമായി ഇവാൻ വുകോമനോവിച്ച്. എല്ലാ വിജയങ്ങളും ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് തങ്ങളേക്കാൾ കരുത്തരായ എതിരാളികളോടു നേടിയ വിജയം കൂടുതൽ വിലപ്പെട്ട ഒന്നാണെന്നാണ് വുകോമനോവിച്ച് പറഞ്ഞത്.

"പ്ലേ ഓഫിലെ സ്ഥാനം അനുസരിച്ച് ഞങ്ങൾ ഏറ്റവും താഴെയാണ്. ഞങ്ങൾക്കല്ല സാധ്യതയുള്ളത്. അതിനു പുറമെ തുടർച്ചയായി ഏഴു മത്സരങ്ങളിൽ വിജയം നേടുകയും ലീഗ് വിജയിക്കുകയും ചെയ്‌ത ഒരു ടീമിനെതിരെ നേടിയ വിജയം വലിയൊരു നേട്ടം തന്നെയാണ്. ഞങ്ങൾ എല്ലാ മത്സരങ്ങളും വിജയങ്ങളും ഞങ്ങൾ ആഘോഷിക്കും. കാരണം അതൊന്നും ഞങ്ങൾക്ക് വാഗ്‌ദാനം ചെയ്യപ്പെട്ട ഒന്നല്ല, ഞങ്ങൾ സ്വന്തമാക്കിക്കിയതെല്ലാം പൊരുതി നേടിയതാണ്."

"നിങ്ങൾ അതിനെല്ലാം വേണ്ടി പൊരുതുമ്പോൾ നേടുന്ന വിജയങ്ങൾ തീർച്ചയായും ആഘോഷിക്കും. ഇനിയുള്ള മത്സരത്തിൽ ഞങ്ങളുടെ എതിരാളികൾക്കാണ് സാധ്യത കൂടുതലെങ്കിലും ഞങ്ങൾ കരുത്തുറ്റ ഒരു മത്സരം കളിക്കാൻ ശ്രമിക്കും, കടുപ്പമേറിയ എതിരാളികളാകാൻ ശ്രമിക്കും." മാധ്യമങ്ങളോട് സംസാരിക്കേ വുകോമനോവിച്ച് പറഞ്ഞു.

ആദ്യപാദത്തിൽ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം കേരള ബ്ലാസ്റ്റേഴ്‌സിന് യാതൊരു മുൻതൂക്കവും നൽകില്ലെന്നാണ് വുകോമനോവിച്ച് പറയുന്നത്. " അടുത്ത മത്സരം വേറൊരു മത്സരമാണ്. ഞങ്ങൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചും നേടാനുള്ളവയെ വിലയിരുത്തിയും അത് മൈതാനത്ത് കാണിക്കണം."

"നാളത്തെ മത്സരം 0-0 എന്ന നിലയിലാണ് ഞങ്ങൾ തുടങ്ങുക, ഫൈനൽ കളിക്കുന്നതു പോലെ. ഈ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ഞങ്ങൾ കളിച്ചത് അതുപോലെ തന്നെയാണ്, ആരുടേയും സഹായം ഞങ്ങൾക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഞങ്ങൾ ഒരു പോരാട്ടത്തിലേക്കാണ് ഇറങ്ങുന്നത്, കായികപരമായ പോരാട്ടമാകുമത്, അവസാന മത്സരത്തേക്കാൾ കൂടുതൽ കടുപ്പമുള്ളതും ബുദ്ധിമുട്ടേറിയതും ആയിരിക്കുമത്." വുകോമനോവിച്ച് പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit