ഇതു വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ അവസാനമെന്ന് വുകോമനോവിച്ച്, ജംഷഡ്‌പൂരിനെയും അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Ivan Vukomanovic On Kerala Blasters Making The ISL Final
Ivan Vukomanovic On Kerala Blasters Making The ISL Final / Indian Super League
facebooktwitterreddit

ജംഷഡ്‌പൂരിനെ തോൽപ്പിച്ച് ആറു വർഷങ്ങൾക്കു ശേഷം ഇന്ത്യൻ സൂപ്പർലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇടം പിടിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് പരിശീലകൻ വുകോമനോവിച്ച്. നിരവധി വർഷങ്ങളായി ആരാധകർ കാത്തിരുന്ന ഫൈനൽ പ്രവേശനത്തിൽ എല്ലാവർക്കും സന്തോഷം ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം പ്ലേ ഓഫിൽ പരാജയപ്പെട്ട ജംഷഡ്‌പൂരിനെ അഭിനന്ദിക്കാനും മറന്നില്ല.

രണ്ടു തവണ ഐഎസ്എല്ലിൽ രണ്ടാം സ്ഥാനക്കാരായിട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്‌പൂരിനെ സമനിലയിൽ തളച്ച്, ആദ്യപാദത്തിൽ നേടിയ എതിരില്ലാത്ത ഒരു ഗോൾ വിജയത്തിന്റെ ആനുകൂല്യത്തിലാണ് ഫൈനലിലേക്ക് മുന്നേറിയത്. ഇത്തവണ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ജംഷഡ്‌പൂരിനെതിരെ നേടിയ വിജയം ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്.

"ക്ലബിനും, പ്രത്യേകിച്ച് ആരാധകർക്കും ഇതൊരു വലിയ നേട്ടമാണ്. ഞങ്ങൾ ഇന്നെത്തിയ ഇടത്തിലെത്താൻ അവർ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. നമ്മളെല്ലാവരും സന്തോഷത്തിൽ തന്നെയാകും, ഈ യെല്ലോ ഫാമിലി, കേരളത്തിൽ നിന്നുള്ള ആളുകൾ എല്ലാവരും സന്തോഷത്തിലാകും. എനിക്ക് പയ്യന്മാരെ ആലോചിച്ച് അഭിമാനമുണ്ട്."

"നമ്മൾ പോയിന്റിനു വേണ്ടി കളിക്കുമ്പോഴും നോക്ക്ഔട്ട് മത്സരങ്ങളിൽ കളിക്കുമ്പോഴും മാറ്റങ്ങളുണ്ട്. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനോട് രണ്ടു മത്സരങ്ങൾ ഞങ്ങൾ തുടർച്ചയായി കളിച്ചു. ലീഗ് ഷീൽഡ് നേടിയ കരുത്തരും സ്ഥിരതയുള്ളവരുമായ അവർക്കും അഭിനന്ദനങ്ങൾ. അവരുമായി കളിക്കുമ്പോൾ ഞങ്ങൾക്ക് കടുപ്പമേറിയ മത്സരം നടത്തണം, അങ്ങിനെയാണ് എതിരാളികളെ തകർക്കുക." വുകോമനോവിച്ച് പറഞ്ഞു.

ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ആരെന്നറിയാൻ ഇന്ന് വൈകുന്നേരം എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്‌സിയും തമ്മിലുള്ള രണ്ടാംപാദ പ്ലേഓഫ് മത്സരം പൂർത്തിയാകണം. ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ ഹൈദെരാബാദിനു തന്നെയാണ് കൂടുതൽ ഫൈനൽ സാധ്യത.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.