കേരള ബ്ലാസ്റ്റേഴ്സ് പോയിന്റുകൾ നഷ്ടപ്പെടുത്തുന്നതിന്റെ പ്രധാന കാരണം വെളിപ്പെടുത്തി വുകോമനോവിച്ച്


ഇന്ത്യൻ സൂപ്പർലീഗ് സീസൺ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സമയത്ത് കേരള ബ്ലാസ്റ്റേഴ്സ് പോയിന്റുകൾ നഷ്ടപ്പെടുത്തുന്നതിൽ പരാതിപ്പെടുന്നതിൽ കാര്യമില്ലെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. വളരെ പെട്ടന്നു തന്നെ സീസൺ അവസാനിക്കും എന്നതിനാൽ ദീർഘകാല പദ്ധതികൾ നടപ്പിലാക്കാൻ സമയമില്ലെന്നും ഓരോ മത്സരമനുസരിച്ച് ടീമിനെ തയ്യാറാക്കുമ്പോൾ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണ് എന്നും അദ്ദേഹം പറയുന്നു.
സീസണിന്റെ ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ആറു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം വിജയം നേടിയതോടെ ലീഗിൽ ഇപ്പോൾ അഞ്ചാമതാണ്. ഇനി മൂന്നു മത്സരങ്ങൾ കൂടി ബാക്കിയുള്ളതിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇല്ലാതാകാൻ സാധ്യതയുണ്ട്. അതേസമയം ഓരോ പോയിന്റിനും വേണ്ടി ടീം പൊരുതുമെന്ന് ചെന്നൈയിൻ എഫ്സിയുമായുള്ള മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് വുകോമനോവിച്ച് പറഞ്ഞു.
??? ???????? ???! ✊??#KBFCCFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/2ie2H4FMFT
— K e r a l a B l a s t e r s F C (@KeralaBlasters) February 24, 2022
"ഈ സീസൺ തുടങ്ങിയിടത്തു നിന്നുമാണ് സംസാരിക്കേണ്ടത് എങ്കിൽ അതൊരു തരത്തിൽ പെട്ടന്നുള്ള മെച്ചപ്പെടുത്തലാണ്. കാരണം ഷെഡ്യൂളും കലണ്ടറും ടീമിൽ ദീർഘകാല കാഴ്ചപ്പാട് നടപ്പിലാക്കാൻ നിങ്ങളെ അനുവദിക്കുന്നില്ല. അതിനാൽ ഓരോ മത്സരം അനുസരിച്ചാണ് പദ്ധതികൾ വേണ്ടത്. ഉന്മേഷമുള്ള കളിക്കാരെ ഉപയോഗിക്കുക, അവരുടെ ഫിറ്റ്നസ് കൃത്യമാക്കി തയ്യാറാക്കുക."
"പല ടീമുകളും ആദ്യഘട്ടങ്ങളിൽ വളരെയധികം ഉന്മേഷത്തോടെ കളിച്ചു കൊണ്ടിരുന്നതാണ്. ഇപ്പോൾ അവസാന ഘട്ടത്തിൽ ഫിറ്റ്നസും പരിക്കും മൂലം എല്ലാവരും കഷ്ടപ്പെടുന്നതായി നാം കാണുന്നു. അതുകൊണ്ട് ഇതുപോലെയുള്ള കാര്യങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്." വുകോമനോവിച്ച് പറഞ്ഞു.
"ഓരോ പോയിന്റിനും, എല്ലാ എതിരാളികൾക്കെതിരെയും, മൈതാനത്തെ ഓരോ ഇഞ്ചിലും ഞങ്ങൾക്ക് പൊരുതണം. കണക്കുകൾ പ്രകാരം സെമി ഫൈനലിൽ ഇടം നേടാൻ സാധ്യതയില്ലാത്ത ടീമുകളാണോ എന്നത് വലിയ മാറ്റം വരുത്തുന്നില്ല. കാരണം ഇവരെല്ലാവരും സ്വന്തം ജേഴ്സിക്കു വേണ്ടിയാണ് പൊരുതുന്നത്, നെഞ്ചിൽ അണിഞ്ഞിരിക്കുന്ന ലോഗോക്കു വേണ്ടിയാണ് പൊരുതുന്നത്." അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.