വിജയിച്ചത് ആദ്യപാദം മാത്രമെന്നോർമപ്പെടുത്തി വുകോമനോവിച്ച്, രണ്ടാം പാദത്തിൽ മറുപടി നൽകുമെന്ന് ജംഷഡ്‌പൂർ പരിശീലകൻ

Kerala Blasters coach reacts to ISL semi-final first leg win
Kerala Blasters coach reacts to ISL semi-final first leg win / ISL
facebooktwitterreddit

ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ നടന്ന ഐഎസ്എൽ പ്ലേ ഓഫ് ആദ്യപാദത്തിൽ വിജയം നേടിയെങ്കിലും ഫൈനൽ ഉറപ്പിക്കാൻ ഇനിയും ടീം മുന്നോട്ടു പോകാനുണ്ടെന്ന മുന്നറിയിപ്പു നൽകി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. അതേസമയം സഹലിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയത്തിന് രണ്ടാം പാദത്തിൽ മറുപടി നൽകുമെന്ന് ജംഷഡ്‌പൂർ പരിശീലകൻ ഓവൻ കൊയലും പറഞ്ഞു.

"ഈ മത്സരം എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആശയങ്ങൾ നൽകിയിട്ടുണ്ട്. അതിനൊപ്പം തന്നെ തുല്യമായ പോരാട്ടം ഒരുപാട് ചോദ്യങ്ങളും നൽകുന്നു, മത്സരം കായികപരമായിരിക്കും. യുവതാരങ്ങൾ നിറഞ്ഞ സ്‌ക്വാഡ് എന്ന നിലയിൽ ഇണങ്ങിച്ചേർന്ന് പോയിന്റുകൾ വിജയിക്കുക എന്ന ലക്ഷ്യമാണ് സീസണിൽ ഉടനീളം ഉണ്ടായിരുന്നത്. ഇത് പ്ലേ ഓഫിലെ ആദ്യത്തെ മത്സരമാണ്. രണ്ടാമത്തേതിനു തയ്യാറെടുക്കണം." വുകോമനോവിച്ച് പറഞ്ഞു.

"പുതുവർഷത്തിനു ശേഷം മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ വേണ്ട സമയം ലഭിച്ചിട്ടില്ല. പരിശീലനത്തിനും സമയം ലഭിച്ചില്ല. മാനസികമായും ശാരീരികമായും എല്ലാവരും തളർന്നിരിക്കുന്നു. അതിനാൽ തന്നെ മനോഹരമായ ഫുട്ബോൾ കാണാൻ കഴിയില്ല. സീസൺ അവസാനിപ്പിക്കുക ഇങ്ങിനെ തന്നെയാകും." അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഏഴു മത്സരങ്ങൾക്കു ശേഷമുള്ള ജംഷഡ്‌പൂരിന്റെ ആദ്യത്ത തോൽവിയെക്കുറിച്ച് കോയലിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. "ഞങ്ങൾ മൂന്നു ഗോളുകൾക്കെങ്കിലും മുന്നിൽ എത്തേണ്ടതായിരുന്നു എങ്കിലും അവസരങ്ങളെല്ലാം നഷ്‌ടമായി. ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിലും സമ്മർദ്ദം ചെലുത്തുകയുണ്ടായി."

"ഞങ്ങൾ രണ്ടാം പാദത്തിനു തയ്യാറെടുത്തു കഴിഞ്ഞു. കളിക്കാർ പരിക്കു മൂലം ലഭ്യമല്ലെങ്കിലും ഞങ്ങൾ മുഖത്തെ ചിരിയോടെയാണ് അതിനെ നേരിടുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച ടീമാണ് ഞങ്ങൾ, അത് അടുത്ത പാദത്തിൽ കാണിക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു." ഓവൻ കോയൽ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.