ഫൈനലിലെ എതിരാളികൾ ആരായാലും പോരാടും, ആരാധകർക്കു മുന്നിൽ കളിക്കാൻ കാത്തിരിക്കുന്നുവെന്ന് വുകോമനോവിച്ച്

Sreejith N
vukomanovic about possible opponents in isl final
vukomanovic about possible opponents in isl final / Indian Super League
facebooktwitterreddit

ജംഷഡ്‌പൂർ എഫ്‌സിയെ തോൽപിച്ച് ആറു വർഷങ്ങൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനൽ കളിക്കാനിരിക്കെ കലാശപ്പോരാട്ടത്തിലെ എതിരാളികൾ ആരായിരിക്കുമെന്നതു പ്രധാനമല്ലെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. സീസൺ ആരംഭിക്കെ വിജയസാധ്യത ഇല്ലാതിരുന്നിടത്തു നിന്നും ഇവിടെ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എതിരാളികൾ ആരായാലും നൂറു ശതമാനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

"യാതൊരു സാധ്യതയുമില്ലാതെയാണ് ഫൈനലിൽ എത്തിയത് എന്നതിനാൽ തന്നെ എതിരാളികളായി ആരെ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള ആഡംബരം ഞങ്ങൾക്കില്ല. ആരെ നേരിടേണ്ടി വന്നാലും ഞങ്ങൾ നൂറു ശതമാനം നൽകും, ഏറ്റവും മികച്ച പ്രകടനം നടത്തി പൊരുതണം. ഫൈനലിൽ എത്തുന്നതു തന്നെ സന്തോഷമുല്ല കാര്യമാണ്, എല്ലാവരും അതാസ്വദിക്കുമെന്ന് കരുതുന്നു." മാധ്യമങ്ങളോട് വുകോമനോവിച്ച് പറഞ്ഞു.

ഞായറാഴ്‌ച ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ആരാധകർക്ക് പങ്കെടുക്കാം എന്നിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ടീമിന് പിന്തുണയുമായി ഉണ്ടാകുമെന്നതിൽ വുകോമനോവിച്ച് സന്തോഷം പ്രകടിപ്പിച്ചു. അതു ടീമിന് കൂടുതൽ പ്രചോദനം നൽകുമെന്നാണ് അദ്ദേഹം പറയുന്നത്.

"അതു വലിയ കാര്യമാണ്. കളിക്കാർക്കത് വലിയ പ്രചോദനം നൽകും. ഞങ്ങൾ ആരാധകർക്ക് വേണ്ടിയാണ് ഫുട്ബോൾ കളിക്കുന്നത്. ഒഴിഞ്ഞ സ്റ്റേഡിയം നല്ല അനുഭവമല്ല നൽകുക. ആരാധകർക്ക് മുന്നിൽ കളിക്കുന്നത് രോമാഞ്ചം ഉണ്ടാക്കുകയും കൂടുതൽ ആവേശം നൽകി ഈ ജേഴ്‌സിക്കു വേണ്ടിയും ടീമിനു വേണ്ടിയും പോരാടാൻ അനുവദിക്കുകയും ചെയ്യും. അവരെ കാണാൻ കഴിയുന്നത് വളരെ സന്തോഷമാണ്." അദ്ദേഹം വ്യക്തമാക്കി.

ഫൈനൽ മത്സരം ഗോവയിൽ വെച്ചാണ് നടക്കുന്നതെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് സ്റ്റേഡിയത്തിൽ മഞ്ഞക്കടൽ തീർക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയോ എടികെ മോഹൻ ബാഗാനോ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit