കേരള ബ്ലാസ്റ്റേഴ്സിനു മത്സരം മുൻപേ കൈക്കലാക്കാമായിരുന്നു, വിജയം കൈവിട്ടതു കാര്യമാക്കുന്നില്ലെന്ന് വുകോമനോവിച്ച്


പ്രബലരായ എടികെ മോഹൻ ബഗാനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അവസാനനിമിഷം പിറന്ന ഗോളിൽ സമനില വഴങ്ങിയതു കാര്യമാക്കുന്നില്ലെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. അതേസമയം അവസാനനിമിഷം വരെയും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്നിരുന്ന കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ മത്സരം കൈക്കലാക്കാൻ ശ്രമിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏഴാം മിനുട്ടിൽ അഡ്രിയാൻ ലൂണയുടെ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ തൊട്ടടുത്ത മിനുട്ടിൽ തന്നെ ഡേവിഡ് വില്യംസിലൂടെ എടികെ മോഹൻ ബഗാൻ തിരിച്ചടിച്ചെങ്കിലും രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂണ തന്നെ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ച് മുന്നേറുന്നതിനിടെ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനുട്ടിലാണ് പ്രബീർ ദാസിലൂടെ മോഹൻ ബാഗാൻ സമനില നേടുന്നത്. ഇതോടെ എടികെ മോഹൻ ബഗാനെതിരെ ആദ്യമായി വിജയം നേടാനുള്ള അവസരവും ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.
? @ivanvuko19: "When you have more players like #AdrianLuna, you have a team that’s hard to beat!" ?@KeralaBlasters coach on Luna, draw against @atkmohunbaganfc red card to Diaz and more...
— Khel Now (@KhelNow) February 19, 2022
Read. ?#IndianFootball #ISL #KBFCATKMB #YennumYellow https://t.co/fub1sdvNhG
"ഞങ്ങൾ അത്തരം കണക്കുകളിൽ ശ്രദ്ധ ചെലുത്തുന്നില്ല, കാരണം അവരാരാണ് എന്നതു തന്നെ ഞങ്ങൾ കാര്യമാക്കുന്നില്ല. ഞങ്ങൾ സംഘടിതരായും ശ്രദ്ധയോടെയും ലക്ഷ്യങ്ങളിലേക്ക് മുന്നേറണം. ഇന്നു ഞങ്ങൾ കാഴ്ച വെച്ച പ്രകടനത്തിൽ സംതൃപ്തിയുണ്ട്. പ്രത്യേകിച്ചും മത്സരം കൈക്കലാക്കാൻ കഴിയുമായിരുന്ന തരത്തിൽ രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങളിൽ."
"എടികെ മോഹൻ ബാഗാൻ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നും സീസണിൽ കിരീടസാധ്യത ഉള്ളവരുമാണ്. അവർക്കെതിരെ ഇതുപോലെയൊരു മത്സരം കളിക്കാനും മികച്ച മനോഭാവം കാണിക്കാനും കഴിഞ്ഞ എന്റെ താരങ്ങളിൽ എനിക്ക് അഭിമാനമുണ്ട്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ യുറുഗ്വായ് താരം അഡ്രിയാൻ ലൂണയുടെ പ്രകടനത്തെ പ്രശംസിച്ച വുകോമനോവിച്ച് മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി എന്നിവർക്കെതിരെ ഇനിയും മത്സരങ്ങൾ ബാക്കിയുള്ളത് ടോപ് ഫോർ പോരാട്ടം കടുപ്പമാക്കുമെന്ന മുന്നറിയിപ്പും നൽകി. ഈ മത്സരങ്ങളിൽ പോയിന്റ് സ്വന്തമാക്കേണ്ടത് ടോപ് ഫോറിലെത്താൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.