വ്ലാഹോവിച്ചിന്റെ വരവാണ് ഡിബാലയെ നിലനിർത്തേണ്ടെന്നു യുവന്റസ് തീരുമാനിക്കാൻ കാരണമായതെന്ന് ക്ലബ് സിഇഒ
By Sreejith N

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഫിയോറെന്റീനയിൽ നിന്നും ദുസൻ വ്ലാഹോവിച്ച് യുവന്റസിൽ എത്തിയതാണ് ഡിബാലയുമായി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുക്കാൻ കാരണമായതെന്ന് യുവന്റസ് സിഇഓ മൗറീസിയോ അറിവബെൻ. വ്ലാഹോവിച്ച് യുവന്റസിൽ എത്തിയതോടെ ഡിബാല യുവന്റസ് പ്രോജെക്റ്റിലെ പ്രധാന താരമല്ലാതായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഏഴു വർഷത്തോളമായി യുവന്റസിൽ കളിക്കുന്ന ഡിബാലയുടെ കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെ അതു പുതുക്കുന്നില്ലെന്ന തീരുമാനമാണ് യുവന്റസ് എടുത്തിരിക്കുന്നത്. ഒക്ടോബറിൽ കരാർ പുതുക്കാനുള്ള ഓഫർ യുവന്റസ് നൽകിയെങ്കിലും പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി താരം അതു നിരസിച്ചിരുന്നു. ഇതോടെ അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്‌ഫറിൽ ഡിബാല ക്ലബ് വിടുമെന്നുറപ്പായി.
"വളരെ സൗഹാർദ്ദപരമായ, ബഹുമാനത്തോടു കൂടിയ, ആത്മാർത്ഥമായ ഒരു നീക്കവും കൂടിക്കാഴ്ചയുമാണ് നടന്നത്. വ്ലാഹോവിച്ച് എത്തിയതോടെ ഡിബാല യുവന്റസ് പ്രൊജക്റ്റിന്റെ കേന്ദ്രമല്ലാതായി മാറി, അതിനാലാണ് ഞങ്ങളീ തീരുമാനം എടുത്തത്." മൗറീസിയോ മാധ്യമങ്ങളോട് പറഞ്ഞു.
"ദുസൻ എത്തിയത് പൊസിഷനിൽ മാറ്റമുണ്ടാക്കി. ടീമിന്റെ സാങ്കേതിക ഘടനയും യുവന്റസ് പ്രൊജക്റ്റും ചില മാറ്റങ്ങൾക്കു വിധേയമായി. ഈ മാറ്റങ്ങൾ ഡിബാലയുടെ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില ആശങ്കകളുണ്ടാക്കിയതിനെ തുടർന്നാണ് അതു പുതുക്കാതിരിക്കുന്നത്." അദ്ദേഹം പറഞ്ഞു.
2015ൽ പാർമയിൽ നിന്നും യുവന്റസിലെത്തിയ ഡിബാല ടീമിനൊപ്പം അഞ്ചു സീരി എ കിരീടങ്ങൾ നേടിയിട്ടുണ്ട്. 283 മത്സരങ്ങളിൽ നിന്നും 113 ഗോളുകൾ യുവന്റസിന് വേണ്ടി നേടിയിട്ടുള്ള താരം ഈ സീസണിൽ 13 തവണയാണ് വല കുലുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.