വിനീഷ്യസ് ജൂനിയര്‍ തിരിച്ചെത്തി; പരിശീലനത്തിനെത്താതെ ബെന്‍സേമയും ക്വാർട്ടുവായും

കൊവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ടീമില്‍ തിരിച്ചെത്തി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. കോപാ ഡെല്‍ റേയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ നാളെ രാത്രി രണ്ടിന് എല്‍കൊയാനോയെ റയല്‍ മാഡ്രിഡ് നേരിടുന്നുണ്ട്.
ഈ ടീമില്‍ വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിനായി കളത്തിലിറങ്ങും. അതേ സമയം ടീമിലെ മുതിര്‍ന്ന താരമായ കരീം ബെന്‍സേമ, ഗോള്‍ കീപ്പര്‍ തിബോട്ട് ക്വാർട്ടുവ, ഫെര്‍ലാന്‍ഡ് മെന്‍ഡി എന്നിവര്‍ പരിശീലനത്തിന് എത്തിയിട്ടില്ല. എന്നാല്‍ താരങ്ങള്‍ പരിശീലനത്തിന് എത്താത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ കൂടുതല്‍ താരങ്ങള്‍ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളതിനാല്‍ മികച്ച ടീമിനെ കളത്തിലറക്കാന്‍ കഴിയാത്ത സ്ഥിതിയാണ് റയല്‍ മാഡ്രിഡിന്. ഒരുപക്ഷെ ബെന്‍സേമ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കും കൊവിഡ് ബാധിച്ചതാണെങ്കില്‍ റയല്‍ മാഡ്രിഡിന് അത് വീണ്ടും തിരിച്ചടിയാകും. ഗരത് ബെയില്‍, ഡാനി കര്‍വഹാല്‍ എന്നിവരും പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ്.
കൊവിഡ് ബാധിച്ച ലൂക്കാ ജോവിച്ച് ഇപ്പോഴും നിരീക്ഷണത്തില്‍ തുടരകയാണ്. നാളത്തെ മത്സരം റയല്‍ മാഡ്രിഡിന് നിര്‍ണായമല്ലെങ്കിലും ജനുവരി 12ന് സൂപ്പര്‍ കോപ്പയുടെ സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിന് ബാഴ്‌സലോണയെ നേരിടേണ്ടതുണ്ട്. അതിനാല്‍ അപ്പോഴേക്കും പ്രധാന താരങ്ങള്‍ തിരിച്ചെത്തിയില്ലെങ്കില്‍ റയലിന് അത് തിരിച്ചടിയാകും.
ലാലിഗയില്‍ അവസാനമായി കളിച്ച മത്സരത്തില്‍ ഗറ്റാഫെയോട് റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലീഗില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കരുതലോടെ നീങ്ങേണ്ടി വരും. 20 മത്സരത്തില്‍ നിന്ന് 46 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് ഇപ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.