ക്ലബിന്റെ ഭാവിയായ വിനീഷ്യസിന് റയൽ മാഡ്രിഡ് നൽകിയിരിക്കുന്നത് വമ്പൻ കരാർ
By Sreejith N

റയൽ മാഡ്രിഡിലെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു എങ്കിലും നിലവിൽ ടീമിലെ സൂപ്പർസ്റ്റാറാണ് വിനീഷ്യസ് ജൂനിയർ. ആൻസലോട്ടി പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഈ സീസണിൽ റയൽ മാഡ്രിഡ് ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും കിരീടം നേടിയപ്പോൾ നിരവധി ഗോളുകളും അസിസ്റ്റുകളുമായി ടീമിന്റെ പ്രകടനത്തിൽ നിർണായക സാന്നിധ്യമായി മാറാൻ വിനീഷ്യസിന് കഴിഞ്ഞിരുന്നു.
പതിനെട്ടാം വയസിൽ ടീമിലെത്തി, തന്റെ കഠിനാധ്വാനം കൊണ്ട് സ്‌ക്വാഡിലെ പ്രധാനതാരമായി മാറിയ വിനീഷ്യസ് ജൂനിയർ പത്തു ദിവസത്തിനകം റയൽ മാഡ്രിഡിനൊപ്പം പ്രീ സീസൺ പരിശീലനം ആരംഭിക്കുകയാണ്. അതിനു മുൻപ് താരത്തിന്റെ കരാർ പുതുക്കാനുള്ള തീരുമാനം റയൽ എടുത്തു കഴിഞ്ഞു. മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം താരത്തിലുള്ള പ്രതീക്ഷകൾ പരിഗണിച്ച് മികച്ച കരാർ തന്നെയാണ് റയൽ മാഡ്രിഡ് നൽകാൻ പോകുന്നത്.
നിലവിൽ 2024 വരെ കരാറുള്ള വിനീഷ്യസ് ടീമിൽ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ്. എന്നാൽ നാല് വർഷത്തേക്ക് കൂടി നീട്ടുമെന്നു കരുതപ്പെടുന്ന പുതിയ കരാറിൽ ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായി വിനീഷ്യസ് മാറിയേക്കും. ഒരു ബില്യൺ യൂറോയാണ് താരത്തിന്റെ റിലീസിംഗ് ക്ലോസായി ഉൾപ്പെടുത്താൻ പോകുന്നത്.
ബ്രസീലിയൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയുള്ള സീസണുകളിൽ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് റയൽ മാഡ്രിഡ് കരുതുന്നത്. റയൽ മാഡ്രിഡിന്റെ വിജയത്തിനൊപ്പം ബാലൺ ഡി ഓർ അടക്കമുള്ള വ്യക്തിഗത പുരസ്‌കാരങ്ങൾക്കു വേണ്ടി താരം പൊരുതുമെന്നും അവർ കരുതുന്നു. അതിനാൽ തന്നെ ഈ പുരസ്‌കാരങ്ങൾ നേടുമ്പോഴുള്ള ബോണസെല്ലാം പുതിയ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ 22 ഗോളുകളും പതിനാറ് അസിസ്റ്റുകളും നേടി ചാമ്പ്യൻസ് ലീഗ് അടക്കം രണ്ടു കിരീടങ്ങളും നേടിയ വിനീഷ്യസിന് ഇനിയും വളർച്ചയുടെ പടവുകൾ ഒരുപാട് താണ്ടാൻ കിടക്കുന്നുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കളിക്കാരിൽ ഒരാളെന്ന നിലയിലേക്ക് വളർന്ന താരം അടുത്തു തന്നെ ബ്രസീൽ ദേശീയടീമിന്റേയും പ്രധാന താരമായി മാറുമെന്നതിൽ യാതൊരു സംശയവുമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.