വീനീഷ്യസ് ജൂനിയറിന് വമ്പൻ റിലീസ് ക്ലോസോടെയുള്ള പുതിയ കരാര്‍ നല്‍കാനൊരുങ്ങി റയല്‍ മാഡ്രിഡ്

ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന് റയല്‍ മാഡ്രിഡ് പുതിയ കരാര്‍ നല്‍കാനൊരുങ്ങുന്നു. ഒരു ബില്യന്‍ യൂറോ റിലീസ് ക്ലോസുള്ള പുതിയ കരാറാകും വിനീഷ്യസിന് റയല്‍ മാഡ്രിഡ് നല്‍കുക. സീസണില്‍ റയല്‍ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരമായ വിനീഷ്യസ്, സ്പാനിഷ് ക്ലബിന്റെ ഭാവി താരമാണ്.
വിനീഷ്യസിനെ 16മത്തെ വയസില്‍ ബ്രസീലിലുള്ള ഫ്ലമിങ്ങോയിൽ നിന്ന് 45 മില്യന്‍ യൂറോ നല്‍കിയായിരുന്നു റയല്‍ മാഡ്രിഡ് സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിച്ചത്. 2025 വരെ വിനീഷ്യസിന് റയല്‍ മാഡ്രിഡുമായി കരാറുണ്ടെങ്കിലും, വമ്പൻ റിലീസ് ക്ലോസ് നല്കി കരാര്‍ നീട്ടാനാണ് റയല്‍ മാഡ്രിഡ് മാനേജ്മെന്റിന്റെ തീരുമാനം. 2028 വരെയുള്ള കരാര്‍ നല്‍കാനാണ് റയല്‍ മാഡ്രിഡ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് എ.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സീസണിന്റെ അവസാനത്തോടെ വിനീഷ്യസിന്റെ സാലറിയും റിലീസ് ക്ലോസും ഉയര്‍ത്തി നല്കുന്ന രീതിയിലാരിക്കും കരാര്‍ നല്‍കുക. പുതിയ കരാർ സൈൻ ചെയ്യുകയാണെങ്കിൽ, താരത്തിന്റെ പ്രതിവർഷ ശമ്പളം 8 മില്യൺ യൂറോ ആകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതിയ കരാറോടെ പ്രതിഫലകാര്യത്തിൽ ബ്രസീലിയന്‍ താരമായ മാഴ്സലോ, സ്പാനിഷ് താരം ഇസ്കോ എന്നിവരുടെ ഗണത്തിലേക്ക് വിനീഷ്യസ് ജൂനിയര്‍ ഉയരും. അതേ സമയം, 700 മില്യന്‍ യൂറോയാണ് വിനീഷ്യസ് ജൂനിയറിന്റെ നിലവിലെ റിലീസ് ക്ലോസ്.
വിലപിടിപ്പുള്ള താരങ്ങളെ പെട്ടെന്ന് റാഞ്ചാന്‍ കഴിയാതിരിക്കാന്‍ റയല്‍ മാഡ്രിഡ് സ്ഥിരമായി പ്രയോഗിക്കുന്നതാണ് താരങ്ങളുടെ റിലീസ് ക്ലോസ് ഉയര്‍ത്തുക എന്നത്. അടുത്തിടെ ബാഴ്സലോണ പെഡ്രിക്കും അന്‍സു ഫാത്തിക്കും നല്കിയ റിലീസ് ക്ലോസിനോട് തുല്യമായിരിക്കും വിനീഷ്യസിന് നൽകുന്ന പുതിയ കരാറിൽ റിലീസ് ക്ലോസ്.