Football in Malayalam

തനിക്കു വിലയിടുന്നതിനേക്കാൾ നല്ലത് റയൽ മാഡ്രിഡിൽ തന്നെ തുടരുകയാണെന്ന് വിനീഷ്യസ് ജൂനിയർ

Sreejith N
FBL-ESP-LIGA-REAL MADRID-VALLADOLID
FBL-ESP-LIGA-REAL MADRID-VALLADOLID / JAVIER SORIANO/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നു വ്യക്തമാക്കി ബ്രസീലിയൻ മുന്നേറ്റനിര താരം വിനീഷ്യസ് ജൂനിയർ. ഞായറാഴ്‌ച നടക്കാനിരിക്കുന്ന അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള മാഡ്രിഡ് ഡെർബിക്കു മുന്നോടിയായി സംസാരിക്കെയാണ് ഈ സീസണിൽ മിന്നുന്ന ഫോമിലുള്ള താരം തന്റെ ഭാവി റയൽ മാഡ്രിഡിനൊപ്പം തന്നെയാണെന്നു വ്യക്തമാക്കിയത്.

ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും ഏഴ് അസിസ്റ്റും സ്വന്തമാക്കിയ താരത്തോട് എത്രയാണ് സ്വയം കരുതുന്ന ട്രാൻസ്‌ഫർ മൂല്യമെന്നു ചോദിച്ചപ്പോൾ വന്ന മറുപടി ഇതായിരുന്നു. "എനിക്കൊരു പ്രൈസ് ടാഗും നൽകാതിരിക്കുകയാണ് നല്ലത്. റയൽ മാഡ്രിഡിൽ തുടരുകയാണ് അതിനേക്കാൾ മികച്ച കാര്യം."

ബാലൺ ഡി ഓർ ലക്ഷ്യമിടുന്നതിനെ കുറിച്ചും താരം പറഞ്ഞു. "അതു നേടാൻ ഞാൻ കഠിനമായി അധ്വാനിക്കണം. ഇവിടെത്തന്നെ എനിക്കു കളിക്കണം. നല്ല രീതിയിൽ കാര്യങ്ങൾ ചെയ്‌ത്‌ എന്റെ ഏറ്റവും മികച്ച നിലയിൽ തുടരണം. ഇതേപോലെ തന്നെ കളിച്ചാൽ എനിക്കത് നേടാൻ കഴിയും. എന്നാൽ റയൽ മാഡ്രിഡിനൊപ്പം കിരീടങ്ങൾ നേടുകയെന്നതാണ് ഏറ്റവും പ്രധാന കാര്യം," താരം വ്യക്തമാക്കി.

ആൻസലോട്ടി പരിശീലകനായി എത്തിയതോടെയാണ് വിനീഷ്യസ് തന്റെ ഏറ്റവും മികച്ച ഫോം കളിക്കളത്തിൽ പ്രകടിപ്പിച്ചു തുടങ്ങിയത്. ഈ സീസണിൽ റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ബ്രസീലിയൻ വിങ്ങർ ഇതേ ഫോം തുടർന്നാൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ നിരയിലേക്ക് എത്തുമെന്നതിൽ സംശയമില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit