ബ്രസീലിയൻ ടീമിൽ അർഹിച്ച സ്ഥാനം നേടിയെടുത്തത് വിനീഷ്യസ്, താരത്തെ തിരഞ്ഞെടുത്തത് പരിക്കേറ്റ ഫിർമിനോക്ക് പകരം


ഈ സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി മിന്നുന്ന ഫോമിൽ കളിക്കുന്ന ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിൽ ഉൾപ്പെടുത്തി ടിറ്റെ. ആദ്യം സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ ഒഴിവാക്കപ്പെട്ടിരുന്ന വിനീഷ്യസ് ഫിർമിനോക്ക് പരിക്കു പറ്റിയതിനെ തുടർന്നാണ് ടീമിൽ ഇടം പിടിച്ചത്.
അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ഫിർമിനോക്കു പരിക്കു പറ്റിയത്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം കളി അവസാനിക്കുന്നതിനു മുൻപു തന്നെ പരിക്കേറ്റു പുറത്തു പോവുകയായിരുന്നു. അതിനു ശേഷം താരത്തിന് ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ നഷ്ടമാകുമെന്ന് ലിവർപൂൾ അറിയിക്കുകയും ചെയ്തു.
Tite has recalled the Real Madrid star after his initial snub.https://t.co/3FNVLgUJcj
— MARCA in English (@MARCAinENGLISH) November 6, 2021
ടിറ്റെ ആദ്യം പ്രഖ്യാപിച്ച ബ്രസീൽ സ്ക്വാഡിൽ വിനീഷ്യസ് ഒഴിവാക്കപ്പെട്ടത് പലരുടെയും നെറ്റി ചുളിപ്പിച്ച കാര്യമാണ്. ആൻസലോട്ടി റയൽ മാഡ്രിഡ് പരിശീലകനായി എത്തിയതോടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരത്തെ ഒഴിവാക്കിയ ടിറ്റെ അതിനു പകരം കുട്ടീന്യോ, ഫിർമിനോ, ആന്റണി, റാഫിന്യ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
എന്നാൽ ഫിർമിനോക്ക് പരിക്കു പറ്റിയതോടെ റയൽ മാഡ്രിഡിനു വേണ്ടി താൻ നടത്തുന്ന പ്രകടനം ബ്രസീലിയൻ ടീമിനു വേണ്ടിയും ആവർത്തിക്കാനുള്ള അവസരമാണ് വിനീഷ്യസ് ജൂനിയറിനു ലഭിച്ചിരിക്കുന്നത്. ഇതുവഴി അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ ടീമിൽ സ്ഥിര സാന്നിധ്യമാകാനും താരത്തിന് കഴിയും.
ഈ സീസനിലിതു വരെ ഒൻപതു ഗോളുകളും ഏഴു അസിസ്റ്റുകളും സ്വന്തമാക്കിയ താരത്തിനു കൊളംബിയ, അർജന്റീന എന്നീ ടീമുകളുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കളിക്കാനുള്ള അവസരം ലഭിക്കുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇത്രയും മികച്ച പ്രകടനം ക്ലബിനൊപ്പം നടത്തുന്ന താരത്തെ ടിറ്റെ ബെഞ്ചിലിരുത്തിയാൽ അത് നീതിയുക്തമല്ലെന്നു തന്നെ പറയേണ്ടി വരും.