ബെൻസിമ ബാലൺ ഡി ഓറിനർഹൻ, ലോകകപ്പ് ഫൈനലിൽ ബ്രസീലിനെതിരെ വിജയിക്കാൻ ഫ്രാൻസിനാവില്ലെന്നും വിനീഷ്യസ്

Vinicius Junior Discusses Ballon D'or World Cup Bids From Benzema
Vinicius Junior Discusses Ballon D'or World Cup Bids From Benzema / John Berry/GettyImages
facebooktwitterreddit

2022ലെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാനാർഹൻ കരിം ബെൻസിമ തന്നെയാണെന്ന് റയൽ മാഡ്രിഡ് സഹതാരം വിനീഷ്യസ് ജൂനിയർ. അതേസമയം ഖത്തർ ലോകകപ്പ് ഫൈനലിൽ ബ്രസീലും ഫ്രാൻസുമാണ് പരസ്‌പരം ഏറ്റുമുട്ടുന്നതെങ്കിൽ വിജയം നേടാൻ ബെൻസിമക്കു കഴിയില്ലെന്നും വിനീഷ്യസ് പറഞ്ഞു.

കാർലോ ആൻസലോട്ടി പരിശീലകനായ ഇക്കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ കുതിപ്പിനും കിരീടനേട്ടങ്ങൾക്കും പിന്നിൽ നിർണായകമായ സാന്നിധ്യമായിരുന്നു മുന്നേറ്റനിര താരങ്ങളായ വിനീഷ്യസും ബെൻസിമയും. മികച്ച ഒത്തിണക്കത്തോടെ കളിച്ച ഇരുവരും റയൽ മുന്നേറ്റനിരയെ നയിച്ചപ്പോൾ ലാ ലിഗയും ചാമ്പ്യൻസ് ലീഗും റയൽ മാഡ്രിഡ് സ്വന്തമാക്കുകയും ചെയ്‌തു.

റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് വിജയിച്ചതോടെ സീസണിൽ ക്ലബിനായി ഏറ്റവുമധികം ഗോൾ നേടിയ ബെൻസിമ അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരത്തിന് ഏറ്റവും സാധ്യതയുള്ള താരമാണ്. എന്നാൽ ദിവസങ്ങൾക്കു മുൻപ് ബ്രസീലിയൻ താരം നെയ്‌മർ ബാലൺ ഡി ഓറിന് അർഹൻ വിനീഷ്യസാണെന്ന് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു താരം.

"ഞാനാണ് ബാലൺ ഡി ഓറിന് അർഹനെന്ന് നെയ്‌മർ പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്. പക്ഷെ എന്റെ അഭിപ്രായത്തിൽ ബെൻസിമയാണ് അതു കൂടുതൽ അർഹിക്കുന്നത്." ബ്രസീലിയൻ മാധ്യമമായ ഗ്ലോബെയോട് സംസാരിക്കുമ്പോൾ വിനീഷ്യസ് പറഞ്ഞു.

ലോകകപ്പുമായി ബന്ധപ്പെട്ട് കരിം ബെൻസിമയുമായി നടക്കാറുള്ള സംഭാഷണങ്ങളെ കുറിച്ചും വിനീഷ്യസ് വെളിപ്പെടുത്തി. "ലോകകപ്പ് ഫൈനലിൽ ബ്രസീലിനെതിരെ വിജയിക്കണമെന്ന് ബെൻസിമയും ചിലപ്പോൾ തമാശരൂപത്തിൽ പറയാറുണ്ട്. എന്നാൽ അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല." താരം പറഞ്ഞു.

ഇന്നലെ ജപ്പാനും ബ്രസീലും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിന്റെ ആദ്യ ഇലവനിൽ വിനീഷ്യസ് കളിക്കാനിറങ്ങിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീൽ വിജയം നേടുകയും ചെയ്‌തു. അതേസമയം ബെൻസിമയുടെ ഫ്രാൻസ് ഇന്നലെ നടന്ന നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയോട് സമനില വഴങ്ങുകയാണ് ചെയ്‌തത്‌.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.