La Liga

ബാഴ്‌സലോണയെ പിന്നിൽ നിന്നു കുത്തിയാണ് വിനീഷ്യസിനെ റയൽ മാഡ്രിഡിലെത്തിച്ചതെന്ന് ബ്രസീലിയൻ സ്‌കൗട്ട്

Sreejith N
Real Madrid v Liverpool - UEFA Champions League
Real Madrid v Liverpool - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

വിനീഷ്യസ് ജൂനിയറിനെ റയൽ മാഡ്രിഡിലെത്തിച്ചത് ബാഴ്‌സലോണയെ പിന്നിൽ നിന്നും കുത്തിയാണെന്നു വെളിപ്പെടുത്തി ബാഴ്‌സലോണയുടെ ബ്രസീലിയൻ സ്കൗട്ടായ ആന്ദ്രേ ക്യൂറി. റയൽ മാഡ്രിഡിന്റെ വമ്പൻ ഓഫർ വരുന്നതിനും വർഷങ്ങൾക്ക് മുൻപ് തന്നെ ബാഴ്‌സലോണയുടെ റഡാറിലുണ്ടായിരുന്ന താരമായിരുന്ന വിനീഷ്യസുമായി ട്രാൻസ്ഫർ ചർച്ചകൾ കാറ്റാലൻ ക്ലബ് പൂർത്തിയാക്കിയിരുന്നു എങ്കിലും 2017ൽ താരം ലോസ് ബ്ലാങ്കോസിൽ എത്തുകയായിരുന്നു.

ബ്രസീലിയൻ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് തങ്ങളെന്ന് ബാഴ്‌സലോണ ഉറച്ചു വിശ്വസിച്ചിരുന്ന സമയത്താണ് ഏജന്റുമാരെ സ്വാധീനിച്ചും വമ്പൻ ട്രാൻസ്‌ഫർ ഫീസ് നൽകിയും റയൽ മാഡ്രിഡ് വിനീഷ്യസിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഇതേക്കുറിച്ച് ആന്ദ്രേ ക്യൂറി സംസാരിച്ചു.

"വിനീഷ്യസിന്റെ കാര്യത്തിൽ ഞങ്ങൾ റയൽ മാഡ്രിഡിനേക്കാൾ മൂന്നര വർഷങ്ങൾ മുന്നിലായിരുന്നു. താരത്തിന്റെ ഏജന്റുമാരായ ഫ്രഡറികോ പെനയും സ്‌റ്റെഫാനോ ഹവിലയുമാണ് ഞങ്ങളെ ചതിച്ചത്. അവർക്ക് ബാഴ്‌സലോണയോട് പ്രതിജ്ഞാബദ്ധതയുണ്ടായിരുന്നു. എനിക്കുമവരോട് നല്ല സൗഹൃദമുണ്ടായിരുന്നെങ്കിലും നിർണായക സമയത്തവർ പുറകിൽ നിന്നും കുത്തി."

"റയൽ മാഡ്രിഡുമായി കരാറൊപ്പിടുന്നതിന്റെ പതിനഞ്ചു ദിവസം മുൻപ് ബ്രസീലിൽ വെച്ച് ബാഴ്‌സ ആരാധകനാണെന്നും നെയ്മറാണ് ആരാധനാപാത്രമെന്നും ക്രിസ്ത്യാനോ റൊണാൾഡോയെക്കാൾ മികച്ചത് ലയണൽ മെസിയാണെന്നും വിനീഷ്യസ് പറഞ്ഞിരുന്നു. എന്നാൽ മാഡ്രിഡിനെ തിരഞ്ഞെടുത്തതിന് ശേഷം താരം മറ്റു പലതും പറയുകയുണ്ടായി." ആന്ദ്രേ ക്യൂറി വ്യക്തമാക്കി.

വിനീഷ്യസിനെ സ്വന്തമാക്കിയതിൽ തെറ്റു പറ്റിയെന്ന പേടി തോന്നിയത് കൊണ്ടാണ് റയൽ മാഡ്രിഡ് അതെ പ്രൊഫൈലിലുള്ള റോഡ്രിഗോയെ പിന്നീട് ടീമിലെത്തിച്ചതെന്നും ക്യൂറി പറഞ്ഞു. റയൽ മാഡ്രിഡിനൊപ്പം 107 മത്സരങ്ങൾ കളിച്ച് 15 തവണ വിനീഷ്യസ് വല കുലുക്കിയപ്പോൾ റോഡ്രിഗോ 49 മത്സരങ്ങളിൽ നിന്നും ഒരു ചാമ്പ്യൻസ് ലീഗ് ഹാട്രിക്കുൾപ്പെടെ എട്ടു ഗോളുകളാണ് നേടിയിട്ടുള്ളത്.

facebooktwitterreddit