Football in Malayalam

പെനാൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് യൂറോപ്പ ലീഗ് കിരീടം നേടി വിയ്യാറയൽ

Ali Shibil Roshan
Aleksandra Szmigiel - Pool/Getty Images
facebooktwitterreddit

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി വിയ്യാറയൽ. 90 മിനിറ്റിനും, എക്സ്ട്രാ ടൈമിനും ശേഷവും 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ 12-11നാണ് വിയ്യാറയൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നത്.

പന്തിന് മേൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആധിപത്യം പുലർത്തിയ മത്സരത്തിൽ 29ആം മിനുറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കളിയുടെ ഗതിക്കെതിരായി, ആദ്യം വല കുലുക്കിയത് വിയ്യാറയലാണ്. ഡാനി പരേഹോയുടെ ഫ്രീകിക്കിൽ നിന്ന് ജെറാർഡ് മൊറീനോയാണ് സ്പാനിഷ് ക്ലബിന് വേണ്ടി ഗോൾ നേടിയത്.

ഒരു ഗോളിന് പിന്നിലായതിന് ശേഷം ആക്രമണം കൂടുതൽ കനപ്പിച്ചെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് സമനില ഗോൾ നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ല. വർദ്ധിതവീര്യത്തോടെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ചുവന്ന ചെകുത്താന്മാർ 55ആം മിനുറ്റിൽ എഡിൻസൺ കവാനിയിലൂടെ വിയ്യാറയൽ വലകുലുക്കി.

തുടർന്ന് വിജയഗോളിനായി യുണൈറ്റഡ് കിണഞ്ഞു ശ്രമിച്ചെങ്കിലും, വിയ്യാറയൽ ശക്തമായ പ്രതിരോധം തീർത്തു. നോർമൽ ടൈമിന് ശേഷമുള്ള 30 മിനിറ്റ് എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും തങ്ങളുടെ വിജയഗോൾ നേടാൻ കഴിഞ്ഞില്ല.

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ, ഇരു ടീമുകളിലുമായി 22 താരങ്ങളാണ് പെനാൽറ്റി എടുത്തത്. ഇതിൽ ആദ്യ 21 കിക്കുകളും ലക്ഷ്യം കണ്ടു. 22ആം കിക്കെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഹിയയുടെ ശ്രമം വിയ്യാറയൽ ഗോൾകീപ്പർ ജെറോനിമോ ഗുള്ളി തടുത്തിട്ടതോടെ, അവസാന ചിരി സ്പാനിഷ് ക്ലബിന്റേതായി.


facebooktwitterreddit