Champions League

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി വിയ്യാറയൽ

Ali Shibil Roshan
Danjuma wheels away in celebration
Danjuma wheels away in celebration / PIERRE-PHILIPPE MARCOU/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്പാനിഷ് ക്ലബായ വിയ്യാറയൽ. അർനോട്ട് ഡൻജൂമയാണ് വിയ്യാറയലിന്റെ വിജയഗോൾ നേടിയത്.

മത്സരത്തിന്റെ എട്ടാം മിനുറ്റിലായിരുന്നു ബയേണിനെ ഞെട്ടിച്ച് കൊണ്ട് വിയ്യാറയൽ ഗോൾ നേടിയത്. അർജന്റീൻ താരം ജിയോവാനി ലോ സെൽസോയുടെ ബൈലൈനിൽ നിന്നുള്ള കട്ട്ബാക്ക് സ്വീകരിച്ച ഡാനി പറേഹോയുടെ ഷോട്ട് ഗോൾവലയിലേക്ക് ഡൻജൂമ തിരിച്ചുവിടുകയായിരുന്നു.

പന്തിന് മേൽ ആധിപത്യം ബയേണിനായിരുന്നെങ്കിലും, വിയ്യാറയൽ പ്രതിരോധം പിളർത്തുന്ന നീക്കങ്ങൾ സൃഷ്ടിക്കാൻ അവർ പാടുപെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിനിടെ, മത്സരത്തിന്റെ 41ആം മിനുറ്റിൽ വിയ്യാറയൽ വീണ്ടും ബയേൺ വലയിൽ പന്തെത്തിച്ചു. ബോക്സിൽ നിന്നുള്ള ഫ്രാൻസിസ് കോക്വെലിന്റെ ക്രോസ് ചെയ്യാനുള്ള ശ്രമം പാളിയെങ്കിലും, പന്ത് ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയറെയും മറികടന്ന് ഗോൾ വലയിലെത്തുകയായിരുന്നു. എന്നാൽ, റീപ്ലേകളിൽ നിന്ന് കോക്വെലിൻ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നെന്ന് വ്യക്തമാക്കിയതോടെ ഗോൾ നിഷേധിക്കപ്പെട്ടു.

മത്സരത്തിന്റെ 53ആം മിനുറ്റിൽ രണ്ടാം ഗോൾ നേടുന്നതിന് അടുത്ത് വിയ്യാറയൽ എത്തിയെങ്കിലും, ജെറാർഡ് മൊറീനോയുടെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട് ഇഞ്ചോടിഞ്ച്‌ പോരാട്ടം കണ്ട മത്സരത്തിൽ ബയേണിനും വിയ്യാറയലിനും ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചെങ്കിലും, സ്കോർലൈനിൽ മാറ്റം വരുത്താൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.

വിജയത്തോടെ, ചാമ്പ്യൻസ് ലീഗിൽ 25 എവേ മത്സരങ്ങളായുള്ള ബയേണിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിക്കാനും ഉനായ് എമേറിയുടെ വിയ്യാറയലിനായി. ഇതിന് മുൻപ് അവസാനമായി ബയേൺ ഒരു ചാമ്പ്യൻസ് ലീഗ് എവേ മത്സരത്തിൽ പരാജയപ്പെട്ടത് 2017ൽ പിഎസ്‌ജിക്കെതിരെയായിരുന്നു. അന്ന് പിഎസ്‌ജിയുടെ പരിശീലകൻ എമേറി ആയിരുന്നു.

അതേ സമയം, ഏപ്രിൽ 13ന് ബയേണിന്റെ തട്ടകമായ അല്ലിയൻസ് അരീനയിൽ വെച്ചാണ് ഇരു ടീമുകളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരം.


facebooktwitterreddit