അർജന്റീന താരം ജിയോവാനി ലൊ സെൽസോയെ തിരിച്ചെത്തിക്കാൻ വിയ്യാറയൽ


കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച അർജന്റീന താരം ജിയോവാനി ലൊ സെൽസോയെ വീണ്ടും ടീമിന്റെ ഭാഗമാക്കുന്നത് സ്പാനിഷ് ക്ലബായ വിയ്യാറയൽ പരിഗണിക്കുന്നു. നിലവിൽ ടോട്ടനം ഹോസ്പറിന്റെ താരമായ ലൊ സെൽസോക്കു വേണ്ടി വിയ്യാറയൽ ശ്രമം തുടങ്ങിയെന്ന് ഫാബ്രിസിയോ റൊമാനോയാണ് വെളിപ്പെടുത്തിയത്.
സ്പാനിഷ് ക്ലബായ റയൽ ബെറ്റിസിൽ നിന്നും ടോട്ടനം ഹോസ്പറിൽ എത്തിയ ലൊ സെൽസോക്ക് അന്റോണിയോ കോണ്ടെ പരിശീലകനായതോടെ അവസരങ്ങൾ കുറഞ്ഞിരുന്നു. ഇതോടെയാണ് കഴിഞ്ഞ സീസണിനിടെ താരം വിയ്യാറയലിലേക്ക് ചേക്കേറിയത്.
ഉനെ എമറി പരിശീലകനായ വിയ്യാറയലിൽ മികച്ച പ്രകടനം നടത്താൻ ലൊ സെൽസോക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ വരെയെത്തി വിയ്യാറയൽ അത്ഭുതം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെയാണ് താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള പദ്ധതികൾ വിയ്യാറയൽ ആരംഭിച്ചത്.
ടോട്ടനത്തിനു താരത്തെ വിട്ടുകൊടുക്കാൻ താൽപര്യമുള്ളതിനാൽ ലോ സെൽസോ സ്പെയിനിൽ തിരിച്ചെത്താൻ സാധ്യത വളരെ കൂടുതലാണ്. നവംബറിൽ ഖത്തർ ലോകകപ്പ് നടക്കുന്ന സമയം വന്നതിനാൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ക്ലബിൽ എത്താനാവും താരവും ശ്രമിക്കുക.