എവർട്ടണുമായുള്ള മത്സരത്തിലെ തോൽ‌വിയിൽ ആരാധകനെ ചവുട്ടി വീഴ്ത്തി ക്രിസ്റ്റൽ പാലസ് പരിശീലകൻ പാട്രിക്ക് വിയേര

Patrick Viera Kicked An Everton Fan After Defeat
Patrick Viera Kicked An Everton Fan After Defeat / Michael Regan/GettyImages
facebooktwitterreddit

ക്രിസ്റ്റൽ പാലസും എവർട്ടണും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ എവർട്ടൺ ആരാധകനെ ആക്രമിച്ച് ക്രിസ്റ്റൽ പാലസ് പരിശീലകനും ആഴ്‌സണൽ ഇതിഹാസവുമായ പാട്രിക്ക് വിയേര. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന എവർട്ടൺ മൂന്നു ഗോളുകൾ തിരിച്ചടിച്ചു വിജയം നേടി പ്രീമിയർ ലീഗിൽ നിന്നുള്ള തരാം താഴ്ത്തൽ ഒഴിവാക്കിയതിനു പിന്നാലെയാണ് സംഭവം നടന്നത്.

മറ്റെറ്റ, ആയൂ എന്നിവരുടെ ഗോളുകളിൽ മുന്നിലെത്തിയ ക്രിസ്റ്റൽ പാലസിനെതിരെ രണ്ടാം പകുതിയിൽ മൈക്കൽ കീൻ, റിച്ചാർലിസൺ, കാൾവേർട്ട് ലെവിൻ എന്നിവർ നേടിയ ഗോളുകളിലാണ് എവർട്ടൺ വിജയം നേടിയത്. എൺപത്തിയഞ്ചാം മിനുട്ടിൽ ലെവിന്റെ ഗോളിൽ വിജയമുറപ്പിച്ച് തരം താഴ്ത്തൽ ഒഴിവാക്കിയതിന്റെ സന്തോഷത്തിൽ ആരാധകർ മൈതാനത്തിറങ്ങിയതാണ് അനിഷ്ടസംഭവങ്ങളുടെ തുടക്കം.

എവർട്ടൺ പ്രീമിയർ ലീഗിൽ തന്നെ തുടരുന്നതിന്റെ ആഹ്ലാദം പങ്കു വെക്കാൻ ആരാധകർ മൈതാനത്ത് ഇറങ്ങിയതോടെ വിയേര അവിടെ നിന്നും പോകാൻ ശ്രമിച്ചു. എന്നാൽ ഒരു ആരാധകൻ അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് വഴി വെച്ചത്. ആരാധകനുമായി കയ്യേറ്റത്തിലേർപ്പെട്ട വിയേര അയാളെ ചവുട്ടി വീഴ്ത്തുകയും ചെയ്‌തു. ആരാധകൻ വിയേരയെ തിരിച്ച് വയറ്റിൽ ഇടിക്കുകയും ചെയ്‌തു

മത്സരം പൂർത്തിയായതിനു ശേഷം സംഭവത്തിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പടരുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയതിനു ശേഷം വിയേര നടപടികൾ നേരിടുമെന്നതു തീർച്ചയാണ്. അതേസമയം സംഭവത്തെ കുറിച്ച് യാതൊരു പ്രതികരണവും നൽകാനില്ലെന്ന് മത്സരത്തിനു ശേഷം വിയേര മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തിൽ വിജയം നേടിയതോടെ ഒരു മത്സരം ബാക്കി നിൽക്കെയാണ് 39 പോയിന്റുമായി എവർട്ടൺ തരം താഴ്ത്തലിൽ നിന്നും രക്ഷപ്പെട്ടത്. 45 പോയിന്റുള്ള ക്രിസ്റ്റൽ പാലസ് പതിമൂന്നാം സ്ഥാനത്താണ്. ലീഡ്‌സ്, ബേൺലി എന്നീ ടീമുകളാണ് അവസാന റൌണ്ട് മത്സരങ്ങളിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ വേണ്ടി പോരാടേണ്ടത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.