Football in Malayalam

പിഎസ്‌ജിയുടെ ഞെട്ടിക്കുന്ന തോൽ‌വിയിൽ റഫറിയിങ്ങിനെ കുറ്റപ്പെടുത്തി മാർക്കോ വെറാറ്റി

Sreejith N
Paris Saint-Germain v Real Madrid: Round Of Sixteen Leg One - UEFA Champions League
Paris Saint-Germain v Real Madrid: Round Of Sixteen Leg One - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

നാന്റസിനെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജി ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിനു റഫറിയിങ്ങിനെ പഴിച്ച് മധ്യനിരതാരം മാർക്കോ വെറാറ്റി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്‌ജി തോൽവി വഴങ്ങിയ മത്സരത്തിൽ നാന്റസ് താരം അപ്പിയാക്ക് ചുവപ്പുകാർഡ് നൽകാതിരുന്ന റഫറിയുടെ തീരുമാനത്തെയാണ് വെറാറ്റി മത്സരത്തിനു ശേഷം വിമർശിച്ചത്.

മെസി, നെയ്‌മർ, എംബാപ്പെ എന്നിങ്ങനെ മുൻനിരയിലെ പ്രധാന താരങ്ങൾ എല്ലാമുണ്ടായിട്ടും ആദ്യപകുതിയിൽ തന്നെ പിഎസ്‌ജി മൂന്നു ഗോളുകൾ വഴങ്ങിയിരുന്നു. മുവാനി, മെർലിൻ, ബ്ലാസ് എന്നിവർ നാന്റസിനായി ഗോൾ കണ്ടെത്തിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നെയ്‌മറാണ് പിഎസ്‌ജിയുടെ ഗോൾ നേടിയത്. പത്തു മിനുട്ടുകൾക്കപ്പുറം തിരിച്ചുവരവിനു സാധ്യത നൽകി ഒരു പെനാൽറ്റി ലഭിച്ചെങ്കിലും നെയ്‌മർ അതു തുലച്ചത് പിഎസ്‌ജിക്ക് കൂടുതൽ തിരിച്ചടിയായി.

"എംബാപ്പയെ ഫൗൾ ചെയ്‌തതിന്‌ അപ്പിയക്ക് രണ്ടാമത്തെ മഞ്ഞക്കാർഡ് റഫറി നൽകണമായിരുന്നു. അത് മഞ്ഞക്കാർഡ് നൽകാതിരിക്കുന്നത് എങ്ങിനെയാണ്. റഫറിയുടെ തീരുമാനം കൊണ്ടാണ് ഞങ്ങൾക്കീ മോശം അവസ്ഥയുണ്ടായത്." മത്സരത്തിനു ശേഷം കനാൽ പ്ലസിനോട് സംസാരിക്കുമ്പോൾ വെറാറ്റി പറഞ്ഞു.

മത്സരത്തിന്റെ ആദ്യപകുതിയിൽ എംബാപ്പയുടെ ഗോളവസരം നഷ്ടപ്പെടുത്തുന്ന ഫൗൾ നടത്തിയതിനു അപ്പിയക്ക് റെഡ് കാർഡ് ലഭിച്ചെങ്കിലും വിഎആർ അതു പിൻവലിച്ച് മഞ്ഞക്കാർഡ് ആക്കുകയായിരുന്നു. നാന്റസ് താരങ്ങൾ പതിനാറു ഫൗളുകൾ നടത്തിയ മത്സരത്തിന്റെ രണ്ടാം പകുതിയിലും താരം എംബാപ്പയെ ഫൗൾ ചെയ്‌തതിനു മഞ്ഞക്കാർഡ് നൽകാതിരുന്ന റഫറിയുടെ തീരുമാനമാണ് വെറാറ്റിയെ ചൊടിപ്പിച്ചത്.

"റഫറി കുറച്ചുകൂടി നന്നായി മത്സരം നിയന്ത്രിക്കണമായിരുന്നു. ഞങ്ങൾ വഴങ്ങിയ ഫൗളുകളിൽ എംബാപ്പക്ക് നേരെയുണ്ടായ ഫൗൾ താരത്തെ മൂന്നു മാസം പുറത്തിരിക്കാൻ പോന്നതായിരുന്നു. രണ്ടാം പകുതിയിൽ ഒരു മിനുട്ട് മാത്രമാണ് കൂടുതൽ സമയം അനുവദിച്ചത്, എന്നാൽ ആദ്യപകുതിയിൽ അവർക്കൊരു പെനാൽറ്റി നൽകിയത് നാൽപ്പത്തിയൊമ്പതാം മിനുട്ടിലായിരുന്നു."

"എനിക്കിതിൽ കരയേണ്ട കാര്യമില്ല. ഈ തോൽവി അർഹിച്ചതു തന്നെയാണ്. എന്നാൽ ഞങ്ങൾക്കെതിരെ വിസിൽ മുഴക്കാനുള്ള ഈ ആഗ്രഹമുണ്ടല്ലോ, അതു വളരെ ശല്യപ്പെടുത്തുന്നതാണ്." വെറാറ്റി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit