ഗ്വാർഡിയോളയുടെ പ്രശംസയിൽ സന്തോഷം പ്രകടിപ്പിച്ച് വെറാറ്റി, കരിയർ അവസാനിപ്പിക്കുക പിഎസ്ജിയിലാകുമെന്നും താരം


മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ഗ്വാർഡിയോള തന്നെ പ്രശംസിച്ചതിൽ സന്തോഷമുണ്ടെന്ന് പിഎസ്ജി മധ്യനിര താരം മാർകോ വെറാറ്റി. മത്സരത്തിൽ പിഎസ്ജി മധ്യനിരയെ നിയന്ത്രിച്ച താരത്തോട് വളരെയധികം ഇഷ്ടം തോന്നുന്നുണ്ടെന്നു പറഞ്ഞ ഗ്വാർഡിയോള, സമ്മർദ്ദഘട്ടങ്ങളിലും സ്പേസുകൾ കണ്ടെത്താനും മികച്ച പാസുകൾ നൽകാനുമുള്ള വെറാറ്റിയുടെ കഴിവിനെ പരാമർശിക്കുകയും ചെയ്തിരുന്നു.
"തീർച്ചയായും എനിക്കു വളരെയധികം സന്തോഷം നൽകുന്ന വാക്കുകളാണവയെല്ലാം. ഫുട്ബോളിനെ വളരെയധികം മനസിലാക്കുകയും ഫുട്ബോളിൽ വളരെ മികച്ചു നിൽക്കുകയും ഫുട്ബോൾ കൊണ്ട് നമുക്കെല്ലാവർക്കും സന്തോഷം തരുകയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം. അതെ, ഞാൻ സന്തുഷ്ടനാണ്," വെറാറ്റി ഫ്രാൻസ് ഇൻഫൊയോട് സംസാരിക്കുമ്പോൾ പറഞ്ഞു.
അതേസമയം ഗ്വാർഡിയോളയുടെ പ്രശംസ കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഒരുങ്ങില്ലെന്നും താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ഫുട്ബോളിനു ശേഷമുള്ള ജീവിതം എങ്ങിനെയാകുമെന്ന് ചോദിച്ചപ്പോൾ "എനിക്ക് കുറച്ചു സമയം ബാക്കിയുണ്ട്. എനിക്കിപ്പോൾ അറിയാവുന്നത് ഞാൻ എപ്പോഴും ഇവിടെത്തന്നെ തുടരുമെന്നാണ്" എന്ന മറുപടിയാണ് വെറാറ്റി നൽകിയത്.
"എനിക്ക് വലിയ ചാമ്പ്യന്മാരുടെ ഒപ്പവും അവർക്കെതിരെയും കളിക്കാനുള്ള അവസരവും വമ്പൻ പോരാട്ടങ്ങളുടെ ഭാഗമാകാനും കഴിഞ്ഞിട്ടുണ്ട്, അതാണ് എനിക്ക് മറ്റെല്ലാതിലുമുപരിയായി ആവശ്യമായിട്ടുള്ളത്. ഈ ക്ലബിനോട് എനിക്കു വളരെയധികം സ്നേഹമുള്ളതു കൊണ്ടാണ് ഞാനെപ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്നത്."
"ഞാൻ ഇറ്റലിയിലെ ഒരു ചെറിയ പ്രവിശ്യയിലെ നഗരത്തിൽ നിന്നും വന്നൊരു കൊച്ചു കുട്ടിയായ എനിക്ക് ഇവിടെ എല്ലാം ഉണ്ടായിരുന്നു. എന്റെ കുട്ടികൾ ജനിച്ചതും ഇവിടെയാണ്. പതിനെട്ടു വയസിനു മുകളിലുള്ളത് നിങ്ങളുടെ ഏറ്റവും മികച്ച വർഷങ്ങളാണ്, അതു ഞാനിവിടെ ജീവിച്ചു.ഞാൻ സ്നേഹം കണ്ടെത്തുകയും ഒരു മനുഷ്യനാവുകയും ചെയ്തു. ഇവിടെ അനുഭവിച്ചതെല്ലാം എനിക്ക് മനോഹരമായ ഓർമ്മകൾ നൽകും," വെറാറ്റി പറഞ്ഞു.