ലീഗ് കിരീടനേട്ടത്തിലും പിഎസ്‌ജി താരങ്ങളെ കൂക്കിവിളിച്ച് ആരാധകർ, വിമർശനവുമായി മാർകോ വെറാറ്റി
By Sreejith N

ഫ്രഞ്ച് ലീഗിൽ ഇന്നലെ ലെൻസുമായി നടന്ന ലീഗ് മത്സരത്തിൽ സമനില നേടിയതോടെ ഈ സീസണിലെ ലീഗ് വൺ കിരീടമാണ് പിഎസ്‌ജി സ്വന്തമാക്കിയത്. ഇതോടെ പത്തു ലീഗ് കിരീടങ്ങൾ നേടി ചരിത്രത്തിൽ ഏറ്റവുമധികം ഫ്രഞ്ച് ലീഗ് കിരീടങ്ങൾ നേടിയ ക്ലബെന്ന സെയിന്റ് ഏറ്റിയെന്നെയുടെ റെക്കോർഡിന് ഒപ്പമെത്താൻ പിഎസ്‌ജിക്കു കഴിഞ്ഞു. എന്നാൽ കിരീടനേട്ടത്തിന്റെ സന്തോഷത്തിലും നിരാശപ്പെടുത്തുന്ന അനുഭവമാണ് പിഎസ്‌ജി താരങ്ങൾക്കുണ്ടായത്.
കഴിഞ്ഞ സീസണിൽ ലില്ലെക്കു മുന്നിൽ അടിയറവു വെച്ച ലീഗ് കിരീടം ഇത്തവണ സ്വന്തമാക്കുകയും റെക്കോർഡ് നേട്ടം കുറിക്കുകയും ചെയ്‌തിട്ടും ആരാധകർ പലരും പിഎസ്‌ജി താരങ്ങൾക്കെതിരെ തിരിഞ്ഞിരുന്നു. പാർക് ഡി പ്രിൻസസിന്റെ പല ഭാഗത്തു നിന്നും ഉയർന്ന കൂക്കിവിളികൾ കിരീടനേട്ടത്തിന്റെ സന്തോഷം ഇല്ലാതാക്കുന്നതായിരുന്നു. മത്സരത്തിനു ശേഷം പിഎസ്‌ജി താരം മാർകോ വെറാറ്റി ഇതിനോട് പ്രതികരിക്കുകയും ചെയ്‌തു.
"ആഘോഷിക്കാത്ത ആരാധകരോ? അതെനിക് മനസിലാക്കാൻ കഴിയാത്ത കാര്യമാണ്. ഇതു ഫുട്ബോളാണ്, ചിലപ്പോൾ നമ്മൾ വിജയിക്കും, ചിലപ്പോൾ നമ്മൾ തോൽക്കും. ഞങ്ങളും സാധാരണ മനുഷ്യർ തന്നെയാണ്, തോൽവികൾ ഉണ്ടായേക്കാം. പക്ഷെ പത്താമത്തെ കിരീടം വളരെ പ്രധാനമാണ്. അത് മനോഹരമാണ്, ഞങ്ങൾ ഫുട്ബോൾ താരങ്ങളാകുമ്പോൾ സ്വപ്‌നം കണ്ടിരുന്ന നേട്ടമാണിത്." മത്സരത്തിനു ശേഷം കനാൽ പ്ലസിനോട് സംസാരിക്കുമ്പോൾ വെറാറ്റി പറഞ്ഞു.
"ഇതെന്റെ എട്ടാമത്തെ ലീഗ് കിരീടമാണ്, അതു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടുള്ള കാര്യമേയല്ല. അത് എളുപ്പവുമല്ല. വളരെയധികം അധ്വാനിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്, ഇന്നു ഞങ്ങൾ സന്തോഷത്തിലാണ്. ഞങ്ങൾ ചാമ്പ്യൻസ് ലീഗ് വിജയിച്ചിട്ടില്ല, പക്ഷെ അത് ഓരോ വർഷവും ഒരു ക്ലബിന് മാത്രമേ വിജയിക്കാൻ കഴിയൂ. അടുത്ത വർഷം അതു നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു."
"ഞങ്ങൾ താരങ്ങളാണ് എല്ലാം വിജയിക്കാൻ ഏറ്റവുമാദ്യം ആഗ്രഹിക്കുന്നത്. ആരാധകർ മാഡ്രിഡിനെതിരെ സംഭവിച്ചതോർത്ത് നിരാശരാണെന്നറിയാം. എന്നാൽ ചില ഘട്ടങ്ങളിൽ നമ്മൾ അതിൽ നിന്നും മുന്നോട്ടു പോകണം. ഞങ്ങൾ കളിക്കളത്തിൽ എല്ലാം നൽകുന്നുണ്ടെന്ന് ആരാധകർ അറിയണം. ഈ കിരീടനേട്ടത്തോടെ ഞങ്ങൾ ക്ലബിന്റെ ചരിത്രത്തിലാണ് ഇടം നേടിയിരിക്കുന്നത്." വെറാറ്റി വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.