പിഎസ്‌ജിയുടെ ലീഗ് വിജയത്തിനു ശേഷം കടുത്ത നിരാശയാണുണ്ടായതെന്ന് മാർക്കോ വെറാറ്റി

Verratti Dissappointed About How PSG Ending Season
Verratti Dissappointed About How PSG Ending Season / Eurasia Sport Images/GettyImages
facebooktwitterreddit

പിഎസ്‌ജിയെ സംബന്ധിച്ച് ഈ സീസണിൽ അവർക്ക് നേടാൻ കഴിഞ്ഞ ഒരേയൊരു കിരീടം ഫ്രഞ്ച് ലീഗാണ്. ഏതാനും മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ അവർക്കത് സ്വന്തമാക്കാനും കഴിഞ്ഞു. എന്നാൽ ലീഗ് വിജയത്തിനു ശേഷം തീവ്രതയോടെ കളിക്കേണ്ട മത്സരങ്ങൾ ഇല്ലാത്തതിനാൽ കടുത്ത നിരാശയും ശൂന്യതയുമാണ് അനുഭവപ്പെടുന്നതെന്നാണ്‌ ടീമിന്റെ മധ്യനിര താരം മാർക്കോ വെറാറ്റി പറയുന്നത്.

യൂറോപ്പിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ പിഎസ്‌ജിക്ക് ഇത്തവണ ചാമ്പ്യൻസ് ലീഗിന് പലരും സാധ്യത കൽപ്പിച്ചിരുന്നെങ്കിലും പ്രീ ക്വാർട്ടറിൽ തന്നെ അവർ റയൽ മാഡ്രിഡിന് മുന്നിൽ വീഴുകയാണുണ്ടായത്. അതിനു മുൻപേ തന്നെ ഫ്രഞ്ച് കപ്പിൽ നിന്നും ടീം പുറത്തു പോയിരുന്നു. ലീഗ് കിരീടം നേരത്തെ സ്വന്തമാക്കിയതോടെ ബാക്കി മത്സരങ്ങൾ ചടങ്ങു പോലെ പൂർത്തിയാക്കേണ്ട സാഹചര്യമാണ് പിഎസ്‌ജിക്കുള്ളത്.

"ഞങ്ങൾക്ക് നിരാശയുണ്ടായിരുന്നു. ഇത്തരം മത്സരങ്ങൾ രസകരമായ അനുഭവം തരുന്നതായിരിക്കണം. ഒരു ടീം എന്ന നിലയിൽ കളിക്കുകയും വിജയിക്കുകയും ചെയ്യുന്നതാണ് അതിൽ പ്രധാനം. ഒരു സമ്മർദ്ദവും ഇല്ലാത്തതിനാൽ തന്നെ സീസണിലെ ഏറ്റവും നിശ്ചലമായ സമയത്താണ് ഞങ്ങളുള്ളത്. നമ്മളതു മനസിൽ നിന്നും വിട്ടു കളഞ്ഞാൽ പിന്നെ ആസ്വദിക്കാൻ കഴിയില്ല."

"എനിക്കതിൽ നിരാശയുണ്ട്. ഞങ്ങൾ സീസണിന്റെ അവസാന സമയത്തിലാണ്, ഇപ്പോൾ മത്സരങ്ങൾക്കു വേണ്ടിയെത്തുന്നത് കടുത്ത നിരാശയിലുമാണ്. സീസണിന്റെ അവസാനത്തെപ്പറ്റി കണ്ട സ്വപ്‌നം ഇതല്ല. പ്രത്യേകിച്ചും ഞങ്ങൾ നേരത്തെ ചാമ്പ്യന്മാരായ സ്ഥിതിക്ക്." ആമസോൺ പ്രൈം വീഡിയോയോട് സംസാരിക്കുമ്പോൾ വെറാറ്റി പറഞ്ഞു.

ലീഗ് നേടിയെങ്കിലും ഈ സീസൺ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു എന്നും തുടക്കം മുതൽ തന്നെ അതനുഭവിക്കുകയും ചെയ്‌തുവെന്നും വെറാറ്റി പറയുന്നു. ടീമിലുണ്ടായ മാറ്റങ്ങൾ അതിനൊരു ഒഴികഴിവായി പറയാൻ കഴിയില്ലെന്നും കൂടുതൽ മികച്ച രീതിയിൽ സീസൺ പൂർത്തിയാക്കാൻ കഴിയുന്ന ഒരു ടീം ഉണ്ടായിരുന്നുവെന്നും വെറാറ്റി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.