Football in Malayalam

വരാനെ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിട്ടില്ല, ഫ്രഞ്ച് ഡിഫൻഡറുടെ അരങ്ങേറ്റത്തെക്കുറിച്ച് സോൾഷെയർ

Sreejith N
Real Madrid v Villarreal CF - La Liga Santander
Real Madrid v Villarreal CF - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

ഫ്രഞ്ച് പ്രതിരോധ താരമായ റാഫേൽ വരാനെ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ഭാഗമായി മാറിയിട്ടില്ലെന്ന് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. താരത്തിന്റെ ട്രാൻസ്‌ഫർ തത്വത്തിൽ അംഗീകരിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു എങ്കിലും ഇതുവരെയും കരാർ ഒപ്പിടുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്ന് സോൾഷെയർ വ്യക്തമാക്കി.

ഏതാണ്ട് അൻപതു മില്യൺ യൂറോയോളം മൂല്യം വരുന്ന കരാറിലാണ് വരാനെയേ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മറിൽ സ്വന്തമാക്കിയത്. എന്നാൽ കൊറോണ വൈറസ് ഐസൊലേഷൻ കാലാവധി കഴിയാത്തതിനാൽ ഇതു വരെയും കരാർ ഒപ്പിടാനും ടീമിനൊപ്പം ട്രെയിനിങ് നടത്താനും കഴിഞ്ഞിട്ടില്ലാത്ത താരം ലീഡ്‌സിനെതിരായ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കില്ലെന്നാണ് സോൾഷെയർ പറയുന്നത്.

"റാഫേൽ വരാനെയുടെ കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാവാത്തതിനാൽ താരം ഇതു വരെയും ഞങ്ങൾക്കൊപ്പം പരിശീലനം നടത്തിയിട്ടില്ല. പലതും സംഭവിക്കാം, പലതിനും സമയവും എടുക്കാം. യാദൃശ്ചികവശാൽ ഐസൊലേഷൻ കാരണം കരാർ നൂറു ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല."

"ടീമിനൊപ്പം ട്രെയിനിങ് നടത്താത്തതു കൊണ്ടു തന്നെ ലീഡ്‌സിനെതിരായ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ താരം കളിക്കില്ല. ഇതുപോലെയുള്ള ചെറിയ കാര്യങ്ങൾ സംഭവിച്ചേക്കാം, ക്വാറന്റീനും ഐസൊലേഷനുമാണ് അതിനു തടസം സൃഷ്‌ടിച്ചത്‌. എന്നാൽ താരം മാഞ്ചസ്റ്ററിൽ ഉള്ളതു കൊണ്ടു തന്നെ കരാർ എപ്പോൾ വേണമെങ്കിലും പൂർത്തിയാകാം," സോൾഷെയർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ തവണത്തെക്കാൾ മികച്ച ടീമുമായി പുതിയ സീസണിന് തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ തുടക്കം കുറിക്കാനാണ് ശ്രമിക്കുക. വരാനെ കളിക്കില്ലെങ്കിലും സമ്മറിൽ സ്വന്തമാക്കിയ മറ്റൊരു സൂപ്പർ താരമായ ജാഡൻ സാഞ്ചോ ഇന്ന് യുണൈറ്റഡിനു വേണ്ടി ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit