റൊണാൾഡോയില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ ശക്തരാകുമെന്ന വാദങ്ങളെ തള്ളിക്കളഞ്ഞ് റാഫേൽ വരാനെ


റൊണാൾഡോയില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം കൂടുതൽ ശക്തരാകുമെന്ന വാദങ്ങളെ തള്ളിക്കളഞ്ഞ് ടീമിലെ പ്രതിരോധ താരമായ റാഫേൽ വരാനെ. പ്രീ സീസൺ മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്ന ടീമിനൊപ്പം ഇതുവരെയും ചേർന്നിട്ടില്ലാത്ത റൊണാൾഡോയുടെ അഭാവത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച വിജയങ്ങൾ നേടുന്നതിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന വാദങ്ങളെയാണ് വരാനെ തള്ളിക്കളഞ്ഞത്.
കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ സീസണിൽ ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ അവരുടെ ഏറ്റവും കുറഞ്ഞ പോയിന്റ് നേടിയാണ് സീസൺ അവസാനിപ്പിച്ചത്. മൈതാനത്ത് വളരെ കുറഞ്ഞ പ്രെസ്സിങ് മാത്രം നടത്തുന്ന റൊണാൾഡോ ക്ലബിന്റെ മോശം പ്രകടനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നതിനൊപ്പം എറിക് ടെൻ ഹാഗിന്റെ ടീമിൽ താരത്തിന്റെ സാന്നിധ്യം ഇല്ലാതിരിക്കുകയാണ് നല്ലതെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
Raphael Varane will not entertain any criticism going in the direction of Cristiano Ronaldo 👊#BBCFootball
— BBC Sport (@BBCSport) July 21, 2022
"ആ തർക്കം ഡ്രസിങ് റൂമിനു പുറത്തുള്ളതാണ്. ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ഗുണങ്ങളും എത്രത്തോളം പ്രശസ്തനാണെന്നും അറിയാം. അതുകൊണ്ടു തന്നെ ടീമിന്റെയും താരത്തിന്റെയും പ്രകടനത്തെക്കുറിച്ച് നിരവധി പേർ സംസാരിക്കും. റൊണാൾഡോ മഹത്തായ മത്സരാർഥിയാണ്. ഇതിഹാസമായ താരം ടീമിനെ എല്ലായിപ്പോഴും സഹായിക്കുന്നു. റൊണാൾഡോക്കൊപ്പം കളിക്കുന്നത് മികച്ച കാര്യമാണ്." ബിബിസിയോട് വരാനെ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ പ്രീ സീസൺ മത്സരത്തിൽ ടീമിന്റെ നായകൻ മാഗ്വയറെ ആരാധകർ കൂക്കി വിളിച്ചെങ്കിലും തന്റെ പങ്കാളിക്ക് പൂർണമായ പിന്തുണ വരാനെ നൽകി. മത്സരങ്ങൾ ടീമിന് ഗുണം ചെയ്യുമെന്നും ടീമിന്റെ നായകനായ മാഗ്വയർക്ക് നിരവധി ഗുണങ്ങളുണ്ടെന്നും വരാനെ അറിയിച്ചു. റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതിൽ തനിക്ക് നിരാശയില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.