റാഫേൽ വരാനെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ എംബാപ്പെ റയൽ മാഡ്രിഡിലെത്താനുള്ള വഴി തെളിയിക്കുന്നു


റാഫേൽ വരാനെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ അപ്രതീക്ഷിതമായ ഒന്നല്ലെങ്കിലും അത് റയൽ മാഡ്രിഡ് ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന ഒന്നാണെന്നതിൽ സംശയമില്ല. റാമോസ് ക്ലബ് വിട്ട പശ്ചാത്തലത്തിൽ പരിചയ സമ്പന്നനായ മറ്റൊരു പ്രതിരോധതാരത്തെ കൂടിയാണ് ഇതിലൂടെ റയൽ മാഡ്രിഡിനു നഷ്ടമാകുന്നത്. എന്നാൽ ഈ നഷ്ടം ലോസ് ബ്ലാങ്കോസിനു മറ്റൊരു നേട്ടത്തിന് വഴി തെളിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
റാഫേൽ വരാനെയുടെ ട്രാൻസ്ഫറിലൂടെ വളരെക്കാലമായി നോട്ടമിട്ടിരിക്കുന്ന താരമായ കെയ്ലിൻ എംബാപ്പയെ ക്ലബിന്റെ ഭാഗമാക്കുന്നതിൽ റയൽ മാഡ്രിഡ് ഒരു ചുവടുകൂടി മുന്നോട്ടു വെച്ചിട്ടുണ്ട്. റാഫേൽ വരാനെയെ മാഞ്ചസ്റ്റർ യുണൈറ്റഡിനു നൽകിയതിലൂടെ ലഭിച്ച തുക എംബാപ്പയെ സ്വന്തമാക്കുന്നതിനായി ഉപയോഗിക്കാം എന്നതു തന്നെയാണ് പ്രധാനപ്പെട്ട കാര്യം. റാമോസ്, വരാനെ എന്നിവരുടെ വേതനബിൽ ഒഴിവായതും റയലിന് അനുകൂലമായ ഘടകമാണ്.
അതേസമയം വരാനെ, റാമോസ് എന്നിവരുടെ അഭാവത്തിലും പ്രതിരോധത്തിൽ വലിയ പോരായ്മ റയലിനുണ്ടാകാൻ സാധ്യതയില്ല. പ്രതിഭാധനനായ ബ്രസീലിയൻ താരം എഡർ മിലിറ്റാവോ ടീമിനൊപ്പം തുടരുന്നുണ്ട് എന്നതിനു പുറമെ ബയേൺ മ്യൂണിക്കിൽ നിന്നും ഡേവിഡ് അലബയെ റയൽ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ നാച്ചോയെയും റയലിന് ഉപയോഗപ്പെടുത്താൻ കഴിയും.
അതേസമയം എംബാപ്പയെ ടീമിലെത്തിക്കുന്നതോടെ സീസണിൽ നിരവധി ഗോളുകൾ ഉറപ്പു നൽകുന്ന, തന്റെ പ്രതിഭ കൊണ്ട് ടീമിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരു താരത്തെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. എംബാപ്പക്ക് പ്രായം കുറവാണെന്നിരിക്കെ വളരെക്കാലം താരത്തിന്റെ സേവനം റയൽ മാഡ്രിഡിന് ഉപയോഗപ്പെടുത്താൻ കഴിയും. കഴിഞ്ഞ സീസണിൽ പതറിയ റയലിന് ഈ സീസണിൽ തിരിച്ചു വരാനും അത് സഹായിക്കും.
പിഎസ്ജിയുമായി എംബാപ്പെ കരാർ പുതുക്കുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത് താരത്തെ സ്വന്തമാക്കാനുള്ള റയലിന്റെ നീക്കങ്ങൾക്ക് കൂടുതൽ കരുത്താണ്. ഒരു വർഷം മാത്രമേ എംബാപ്പെക്ക് പിഎസ്ജിയുമായുള്ള കരാറിൽ ബാക്കിയുള്ളൂ എന്നത് ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തിന്റെ ട്രാൻസ്ഫർ ഫീസ് വളരെയധികം കുറക്കാനും റയലിന് ഉപയോഗപ്പെടുത്താൻ കഴിയും.