ഹോളണ്ട് താരം മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്‌ഫർ നിരസിച്ചതിന് പിന്നിൽ ലൂയിസ് വാൻ ഗാൽ

Louis Van Gaal Urged Timber To Snub Man Utd
Louis Van Gaal Urged Timber To Snub Man Utd / Soccrates Images/GettyImages
facebooktwitterreddit

അയാക്‌സിന്റെ നെതർലൻഡ്‌സ് താരമായ ജൂറിയെൻ ടിംബർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്‌ഫർ നിരസിച്ചതിനു പിന്നിൽ നെതർലാൻഡ്‌സ് ദേശീയ ടീം പരിശീലകനായ ലൂയിസ് വാൻ ഗാലാണെന്ന് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ പരിഗണിക്കാതെ ഒരു സീസൺ കൂടി അയാക്‌സിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ഡച്ച് മാധ്യമപ്രവർത്തകൻ മാർസൽ വാൻ ഡെർ ക്രാൻ പറയുന്നു.

ഇരുപത്തിയൊന്നുകാരനായ ജൂറിയെൻ ടിംബർ ഡച്ച് ലീഗിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ്. സെന്റർ ബാക്കായി കളിക്കുന്ന താരം നടത്തുന്ന മികച്ച പ്രകടനത്തെ തുടർന്ന് എറിക് ടെൻ ഹാഗ് തനിക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് ക്ലബിന്റെ മുൻ പരിശീലകൻ കൂടിയായ വാൻ ഗാൽ അതിനു തടസം നിൽക്കുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ ടിംബറിന്റെ പ്രതിനിധികൾ ചർച്ചകൾ ആരംഭിച്ചെങ്കിലും അതിനിടയിലാണ് വാൻ ഗാൽ തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രീമിയർ ലീഗിലേക്ക് ചേക്കേറി അവിടെ അവസരങ്ങൾ കുറയുന്ന സാഹചര്യം വന്നാൽ നെതർലാൻഡ്‌സിന്റെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് വാൻ ഗാൽ അറിയിക്കുകയായിരുന്നു.

"ടിംബർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറായിരുന്നു. താരത്തിന്റെ ഏജന്റുമാർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു പോയി നല്ല രീതിയിലുള്ള ചർച്ചകൾ നടത്തി. പണം ഒരു പ്രശ്‌നമേ ആയിരുന്നില്ല. എന്നാൽ അതിനു പിന്നാലെ മറ്റൊരാൾ രംഗത്തു വന്നു. ലൂയിസ് വാൻ ഗാൽ."

"ഡച്ച് ക്യാമ്പിൽ വെച്ച് അദ്ദേഹം ടിംബറിനോട് 'അവിടേക്കു പോയി അവസരങ്ങൾ പരിമിതമായാൽ സീസൺ തുടങ്ങിയതിനു ശേഷം മൂന്നു മാസത്തിനുള്ളിൽ നടക്കുന്ന ലോകകപ്പിൽ ഹോളണ്ടിനായി കളിക്കാനുള്ള സാധ്യത പരിമിതപ്പെടും' എന്നു പറഞ്ഞു. അയാക്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന, ടെൻ ഹാഗിന്റെ ശൈലിക്ക് യോജിച്ച താരത്തിന് അതൊരു തിരിച്ചടി ആയിരുന്നു." വാൻ ഡെർ ക്രാൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.