ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിൽ ഫിഫക്കെതിരെ രൂക്ഷവിമർശനവുമായി ലൂയിസ് വാൻ ഗാൽ


2022ലെ ഫുട്ബോൾ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ച ഫിഫയുടെ തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനം നടത്തി നെതർലൻഡ്സ് പരിശീലകൻ ലൂയിസ് വാൻ ഗാൽ. ലോകകപ്പ് വേദി ഖത്തറിന് അനുവദിക്കാൻ ഫിഫ നൽകിയ കാരണങ്ങളൊന്നും ന്യായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2010 ഡിസംബറിലാണ് 2022ലെ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ വെച്ചു നടക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ലോകത്തിന്റെ പല ഭാഗത്തു നിന്നും ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് അതിനു ശേഷം ഉയർന്നു വന്നത്. ഖത്തറിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും എൽജിബിടി അനുകൂലികളായ ആരാധകരുടെ സുരക്ഷയുമെല്ലാം വിമർശകർ ഉന്നയിച്ചിരുന്നു.
Netherlands head coach Louis van Gaal has hit out at FIFA for allowing the 2022 World Cup to be held in Qatar.
— The Athletic UK (@TheAthleticUK) March 21, 2022
More from @Anthony_Hay https://t.co/z4Kuq9iLeA
"ഞാൻ മുൻപുള്ള പത്രസമ്മേളനങ്ങളിൽ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ലോകകപ്പ് അവിടെ നടത്തുന്നത് പരിഹാസ്യമായ കാര്യമാണ്. ഫുട്ബോൾ വികസിപ്പിക്കുന്നതിനു വേണ്ടിയാണ് ആ രാജ്യത്ത് കളിക്കുന്നതെന്ന് ഫിഫ പറയുന്നു. അസംബന്ധമാണത്, എന്നാൽ അതിൽ കാര്യമില്ല. ഇതെല്ലാം പണത്തിനു വേണ്ടിയാണ്, വാണിജ്യപരമായ താൽപര്യങ്ങൾക്കു വേണ്ടിയാണ്. അതാണ് ഫിഫക്കു പ്രധാനം."
"വൈദഗ്ദ്യമുണ്ടായിട്ടും ഞാൻ ഫിഫയുടെയോ യുവേഫയുടെയോ ഒരു കമ്മിറ്റിയിലും ഇല്ലാത്തതിനെക്കുറിച്ച് നിങ്ങളെന്തു കരുതുന്നു? അതിനു കാരണം ഞാനെപ്പോഴും ഇതുപോലെയുള്ള കാര്യങ്ങളെ എതിർത്തതു കൊണ്ടാണ്. എനിക്കത് ഖത്തറിൽ പിന്നീടു പറയാം. പക്ഷെ അതീ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടാൻ ലോകത്തെ സഹായിക്കില്ല." മാധ്യമങ്ങളോട് വാൻ ഗാൽ പറഞ്ഞു.
ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ നടത്തുന്നതിനോട് ഇതിനു മുൻപും നിരവധി താരങ്ങളും പരിശീലരുമെല്ലാം വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾക്കിടയിൽ ഏറ്റവും മികച്ച ഒരുക്കങ്ങളാണ് ഖത്തർ ടൂർണ്ണമെന്റിനായി നടത്തുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഈ വർഷത്തെ ആയിരിക്കുമെന്നാണ് ഫിഫ പ്രസിഡന്റ് ആവർത്തിച്ചു പറയുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.