കരിയറിൽ താൻ നേരിട്ട ഏറ്റവും കടുപ്പമുള്ള എതിരാളി ആരെന്ന് വെളിപ്പെടുത്തി വിർജിൽ വാൻ ഡൈക്ക്

കരിയറിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ മുന്നേറ്റ താരം അർജന്റീനയുടെ ലയണൽ മെസിയാണെന്ന് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ ഡച്ച് താരം വിർജിൽ വാൻ ഡൈക്ക്. 2019ൽ ലിവർപൂൾ ബാഴ്സലോണക്കെതിരെ 3-0ന് തോൽവിയേറ്റു വാങ്ങിയ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസി ദുഷ്കരമായ ഒരു സമയം തനിക്ക് നൽകിയെന്ന് പറഞ്ഞ വാൻ ഡൈക്ക്, അർജന്റീന താരം ഇപ്പോളും ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണെന്നും സ്കൈ സ്പോർട്സിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.
കരിയറിൽ നേരിട്ട ഏറ്റവും കടുപ്പമേറിയ ഫോർവേഡ് ആരെന്ന സ്കൈ സ്പോർട്സിന്റെ ചോദ്യത്തിന് വാൻ ഡൈക്ക് നൽകിയ മറുപടി ഇങ്ങനെയായിരുന്നു, "ഞാൻ പറയും ലയണൽ മെസിയെന്ന്. അദ്ദേഹം ഇപ്പോളും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ്. കഴിഞ്ഞ പതിറ്റാണ്ടുകളിലെ അദ്ദേഹത്തിന്റെയും ക്രിസ്റ്റ്യാനോയുടെയും കണക്കുകൾ അവിശ്വസനീയമാണ്, അവർ കൈവരിച്ച നേട്ടങ്ങൾ അത്ഭുതകരമാണ്. എന്നാൽ ഈ സാഹചര്യത്തിൽ ഞാൻ മെസിയെ തിരഞ്ഞെടുക്കും (ഏറ്റവും കടുപ്പമേറിയ എതിരാളിയായി), ബാഴ്സലോണയിൽ ഞങ്ങൾക്ക് അന്ന് (2019ൽ) കഠിനമായ രാത്രിയായിരുന്നു," വാൻ ഡൈക്ക് പറഞ്ഞു.
അതേ സമയം നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഫുട്ബോൾ ലോകത്തെ അടക്കി ഭരിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലും, ക്ലബ്ബ് തലത്തിലും ഉജ്ജ്വല റെക്കോർഡുള്ള ഇരുവരും ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ തട്ടകങ്ങളിലേക്ക് ചേക്കേറിയിരുന്നു.
റൊണാൾഡോ യുവന്റസിൽ നിന്ന് തന്റെ മുൻ ക്ലബ്ബ് കൂടിയായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയപ്പോൾ, മെസി ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമ്മനിലെത്തുകയായിരുന്നു.