Football in Malayalam

ലിവർപൂളിന്റെ രണ്ടു സൂപ്പർതാരങ്ങൾ യൂറോ കപ്പിനുണ്ടായേക്കില്ലെന്ന് ക്ലോപ്പ്; ഇംഗ്ലണ്ടിനും ഹോളണ്ടിനും തിരിച്ചടി

Sreejith N
Leicester City v Liverpool FC - Premier League
Leicester City v Liverpool FC - Premier League / Alex Pantling/Getty Images
facebooktwitterreddit

ലിവർപൂൾ പ്രതിരോധനിരയിലെ പ്രധാന താരങ്ങളായ വിർജിൽ വാൻ ഡൈക്കും ജോ ഗോമസും ജൂണിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാധ്യതയില്ലെന്നു വ്യക്തമാക്കി പരിശീലകൻ യർഗൻ ക്ലോപ്പ്. ഒക്ടോബറിലും നവംബറിലുമാണ് കാൽപാദത്തിനേറ്റ പരിക്കു മൂലം വാൻ ഡൈക്കും ജോ ഗോമസും ലിവർപൂൾ ടീമിൽ നിന്നും പുറത്താവുന്നത്. ഇരുതാരങ്ങളും അതിനു ശേഷം ഒരു മത്സരം പോലും റെഡ്‌സിന് വേണ്ടി കളിച്ചിട്ടില്ല.

വാൻ ഡൈക്കും ഗോമസും പരിക്കിനെ മറികടക്കാനുള്ള ശ്രമങ്ങളിലാണെങ്കിലും യൂറോ കപ്പിന് മുൻപ് ഇരുവരും തിരിച്ചെത്തില്ലെന്നാണ് ക്ലോപ്പ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കിയത്. "ഇതെന്റെ തീരുമാനമല്ലെങ്കിലും എനിക്ക് ലഭിച്ച വിവരങ്ങൾ വെച്ച് സത്യസന്ധമായി പറയുകയാണെങ്കിൽ ഇരുവരും കളിക്കാനുള്ള സാധ്യത തീരെയില്ല," ക്ലോപ്പ് വ്യക്തമാക്കി.

"ഞാൻ അനുവദിക്കാത്തതു കൊണ്ടല്ല അവർ കളിക്കാതിരിക്കുന്നത്. അതൊരിക്കലും എന്റെ ആവശ്യമല്ല. അവരുടെ പരിക്കിന്റെ കാലയളവാണ് അതിനു കാരണം. പ്രീ സീസണിൽ അവർ ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. ജോയൽ മാറ്റിപ്പിന്റെ കാര്യത്തിലും സമാനമായ അവസ്ഥയാണുള്ളത്. ഈ പരിക്കുകളെല്ലാം ഗുരുതരമായതു കൊണ്ടുതന്നെ അവരിനി എപ്പോൾ കളിക്കുമെന്നതിനെ കുറിച്ച് പറയാൻ കഴിയില്ല."

മാറ്റിപ്പിനെ അപേക്ഷിച്ചു നോക്കുമ്പോൾ വാൻ ഡൈക്കും ഗോമസും കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ നെതർലാൻഡ്‌സ് താരം മാത്രമാണ് ഓടാൻ പ്രാപ്‌തനായിരിക്കുന്നതെന്നും ക്ലോപ്പ് പറഞ്ഞു. യൂറോ കപ്പിന്റെ ഒരാഴ്‌ച മുൻപോ അതിന്റെ തലേ ദിവസമോ താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്നറിയില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതാണ് തനിക്ക് ലഭ്യമായ വിവരമെന്ന് ക്ലോപ്പ് വ്യക്തമാക്കി.

ഇംഗ്ലണ്ട്, നെതർലാൻഡ്‌സ് ടീമുകളെയാണ് ഇരുതാരങ്ങളുടെയും പരിക്ക് ബാധിക്കുക. കഴിഞ്ഞ യുവേഫ നാഷൻസ് ലീഗ് ഫൈനലിലെത്തിയ നെതർലാൻഡ്‌സിന്റെ യൂറോ പ്രതീക്ഷകൾ തന്നെ വാൻ ഡൈക്കിന്റെ അസാന്നിധ്യം ബാധിച്ചേക്കും. അതേസമയം ഇംഗ്ലണ്ട് ടീമിൽ ഗോമസിന് പകരക്കാരനാവാൻ കഴിയുന്ന താരങ്ങളുണ്ടെങ്കിലും പരിചയസമ്പന്നനായ ഒരു യുവതാരം ടീമിലില്ലാത്തത് കനത്ത നഷ്ടം തന്നെയാണ്.

facebooktwitterreddit