Football in Malayalam

സലായുടെ ഗോൾനേട്ടം ഇന്റർ മിലാൻ താരത്തെ കെട്ടിപ്പുണർന്നാഘോഷിച്ച് വാൻ ഡൈക്ക്

Sreejith N
FC Internazionale v Liverpool FC: Round Of Sixteen Leg One - UEFA Champions League
FC Internazionale v Liverpool FC: Round Of Sixteen Leg One - UEFA Champions League / Giuseppe Cottini/GettyImages
facebooktwitterreddit

ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു ഗോൾ നേടാൻ എഴുപത്തിയഞ്ചാം മിനുട്ടു വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും മത്സരം അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി ക്വാർട്ടർ ഫൈനൽ ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് ലിവർപൂൾ നിൽക്കുന്നത് . മുന്നേറ്റനിരയിൽ കളിക്കുന്ന താരങ്ങളായ റോബർട്ടോ ഫിർമിനോയും സൂപ്പർതാരം മൊഹമ്മദ് സലായുമാണ് മത്സരത്തിൽ ലിവർപൂളിനായി ഗോൾവല കുലുക്കിയത്.

വളരെ കടുപ്പമേറിയ ഒരു മത്സരമായിരുന്നു ഇന്റർ മിലാനെതിരെ ലിവർപൂൾ നേരിട്ടത് എന്നതിനാൽ തന്നെ സലാ രണ്ടാമത്തെ ഗോൾ നേടിയപ്പോൾ ഉണ്ടായ ആഘോഷങ്ങളും വലുതായിരുന്നു. എന്നാൽ അതിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത് ലിവർപൂൾ പ്രതിരോധതാരം വിർജിൽ വാൻ ഡൈക്ക് സലായുടെ ഗോളിനോട് പ്രതികരിച്ച രീതിയായിരുന്നു . മത്സരത്തിനു ശേഷം ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നതും അതു തന്നെയാണ്.

മൊഹമ്മദ് സലാ ഗോൾ നേടി ലിവർപൂൾ വിജയം ഉറപ്പിച്ചപ്പോൾ അടുത്തുണ്ടായിരുന്ന ഇന്റർ മിലാൻ വിങ്‌ബാക്കായ ഡെൻസെൽ ഡംഫ്രെയ്‌സിനെ ആദ്യം പുണർന്നതിനു ശേഷമാണ് വാൻ ഡൈക്ക് സഹതാരങ്ങൾക്കൊപ്പം ഗോളാഘോഷത്തിൽ പങ്കെടുത്തത്. വാൻ ഡൈക്ക് നായകനായ നെതർലാൻഡ്‌സ് ദേശീയ ടീമിൽ കളിക്കുന്ന താരമായതു കൊണ്ടു തന്നെ ഗോൾ വഴങ്ങിയതിന്റെ നിരാശയിലും അതിനോട് ഡംഫ്രെയ്‌സ് പ്രതികരിക്കാൻ നിന്നില്ല.

സമാനമായ സംഭവം ഇന്റർ മിലാൻ ഈ സീസണിൽ മുൻപും നേരിട്ടുണ്ട് എന്നതാണ് വിചിത്രമായ കാര്യം. ഒക്ടോബറിൽ നടന്ന സീരി എ മത്സരത്തിൽ ഇന്ററിനെതിരെ വിജയം നേടിയപ്പോൾ ലാസിയോ താരം ലൂയിസ് ഫിലിപ്പെ തന്റെ മുൻ സഹതാരവും ഇപ്പോൾ ഇന്റർ മിലാൻ താരവുമായി ജൊവാക്വിൻ കൊറേയയെ പുണർന്ന് സന്തോഷം പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് കൊറേയ അതിനെ തമാശയായി കാണാതിരുന്നതിനാൽ ലൂയിസ് ഫിലിപ്പെക്ക് ചുവപ്പുകാർഡ് ലഭിക്കുകയുണ്ടായി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit