പ്രീമിയർ ലീഗ് കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവി കാത്തിരിക്കണമെന്ന് ലിവർപൂൾ പ്രതിരോധതാരം വാൻ ഡൈക്ക്

Chelsea v Liverpool - Premier League
Chelsea v Liverpool - Premier League / James Williamson - AMA/GettyImages
facebooktwitterreddit

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയുടെ കൈകളിലാണ് ഉള്ളതെന്നും മറ്റുള്ള ക്ലബുകൾ അവരുടെ തോൽവിയും കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ലിവർപൂൾ പ്രതിരോധതാരം വിർജിൽ വാൻ ഡൈക്ക്. ലിവർപൂളും ചെൽസിയും തമ്മിൽ നടന്ന കഴിഞ്ഞ മത്സരം സമനിലയിൽ പിരിഞ്ഞതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വാൻ ഡൈക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

ലിവർപൂളും ചെൽസിയും സമനിലയിൽ പിരിഞ്ഞതോടെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് മാഞ്ചസ്റ്റർ സിറ്റിയാണ്. അതിനു മുൻപ് നടന്ന മത്സരത്തിൽ ആഴ്‌സനലിന്റെ പോരാട്ടവീര്യത്തെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയത്തോടെ മറികടന്ന സിറ്റി നിലവിൽ രണ്ടാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ പത്തു പോയിന്റ് വ്യത്യാസത്തിലാണ് മുന്നിൽ നിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് വാൻ ഡൈക്കിന്റെ പ്രതികരണം.

"ഇതൊരു വലിയ വിടവു തന്നെയാണ്, നിലവിൽ കിരീടം അവരുടെ കയ്യിലാണുള്ളത്, അവരത് കൈവിടണം. ഞങ്ങൾക്ക് റിസൾട്ടുകൾ ലഭിച്ചാൽ മതി. മികച്ച ഫുട്ബോൾ കളിച്ച് വിജയം നേടുക. അത് പറയാൻ എളുപ്പമാണെങ്കിലും ചെയ്‌തു കാണിക്കാൻ എളുപ്പമല്ല." വാൻ ഡൈക്ക് ചെൽസിയുമായുള്ള മത്സരത്തിനു ശേഷം പറഞ്ഞു.

അതേസമയം പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുന്നിലെത്തി കഴിഞ്ഞാൽ പിന്നീട് ലീഡ് വിട്ടുകൊടുക്കാത്ത ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കുകയെന്നത് മറ്റു ടീമുകളെ സംബന്ധിച്ച് ദുഷ്‌കരം തന്നെയാണ്. കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനെതിരെ അവർ പതറിയെന്നതു മാത്രമാണ് കിരീടപ്പോരാട്ടത്തിൽ സജീവമായ മറ്റു ടീമുകൾക്ക് പ്രതീക്ഷ.

കിരീടപ്പോരാട്ടത്തിൽ സിറ്റി വളരെ മുന്നിലാണെങ്കിലും ടോപ് ഫോറിനു വേണ്ടിയുള്ള പോരാട്ടം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സജീവമാണ്. 20 മത്സരങ്ങൾ കളിച്ച് ആഴ്‌സണൽ 35 പോയിന്റ് നേടി ആഴ്‌സണൽ നാലാം സ്ഥാനത്ത് നിൽക്കുമ്പോൾ 34 പോയിന്റ് നേടിയ വെസ്റ്റ് ഹാം. 18 മത്സരങ്ങളിൽ നിന്നും 33 പോയിന്റ് നേടിയ ടോട്ടനം, 19 മത്സരങ്ങളിൽ നിന്നും 31 പോയിന്റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരെല്ലാം അവർക്കു പിന്നിലുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.