"മാറ്റിപ്പിന്റെ ഒരു ഗുണം ലഭിക്കാൻ ആഗ്രഹമുണ്ട്"- ലിവർപൂൾ സഹതാരത്തെ പ്രശംസിച്ച് വാൻ ഡൈക്ക്


ലിവർപൂൾ പ്രതിരോധനിരയിൽ തനിക്കൊപ്പം കളിക്കുന്ന ജോയൽ മാറ്റിപ്പിന്റെ ഒരു ഗുണം തനിക്ക് വേണമെന്ന ആഗ്രഹമുണ്ടെന്ന് ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വിർജിൽ വാൻ ഡൈക്ക്. ജോയൽ മാറ്റിപ്പിന്റെ ഡ്രിബ്ലിങ് സ്കിൽ വേണമെന്ന ആഗ്രഹം തനിക്കുണ്ടെന്നാണ് ലീഡ്സിനെതിരെ നടന്ന മത്സരത്തിൽ നേടിയ വിജയത്തിനു ശേഷം വാൻ ഡൈക്ക് പറയുന്നത്.
ലിവർപൂൾ എതിരില്ലാത്ത ആറു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ സലായുമായി ചേർന്ന് മനോഹരമായ നീക്കം നടത്തി ഒരു ഗോൾ നേടിയത് ജോയൽ മാറ്റിപ്പായിരുന്നു. ലിവർപൂളിന്റെ രണ്ടാമത്തെ ഗോളിനു വഴിയൊരുക്കിയ ആ നീക്കത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് വാൻ ഡൈക്ക് തന്റെ സഹതാരത്തെ പ്രശംസിച്ചതും മാറ്റിപ്പിന്റെ ഡ്രിബ്ലിങ് സ്കില്ലിൽ അസൂയയുണ്ടെന്ന് വ്യക്തമാക്കിയതും.
Virgil van Dijk on Joel Matip's ability to dribble:
— Anfield Watch (@AnfieldWatch) February 24, 2022
“It’s a big quality of him – I wish I had that quality at times! He just can go without any fear at all and hope for the best a little bit! But he has that quality." #awlive [lfc] pic.twitter.com/kzBSMojJWy
"അതു താരത്തിന്റെ വലിയൊരു ഗുണമാണ്. ആ ഗുണം എനിക്കും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു. താരത്തിന് ബോളുമായി ഒരു പേടിയും കൂടാതെ മുന്നോട്ടു പോകാനാവും. അത് വലിയൊരു കരുത്താണ്, ടീമിന് വലിയ ഗുണങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതു വഴി എതിർടീമിലെ താരങ്ങളെ പൊസിഷനിൽ നിന്നും മാറ്റാൻ കഴിയും. ഇന്നതു പോലെ ഒരു റൺ നടത്താനും ഫിനിഷ് ചെയ്യാനുമുള്ള സ്പേസ് അവിടെ ഉണ്ടായിരുന്നു."
"മത്സരത്തിനു മുൻപു ഇതു സംഭവിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. കാരണം ഡീഗോ ജോട്ടക്ക് താരം ഒരു അസിസ്റ്റ് നൽകിയിരുന്നു. ഞാൻ പറഞ്ഞു 'ഒരു ഗോളാണ് അടുത്തത്' എന്ന്. തീർച്ചയായും താരം അതു നേടിയതിൽ ഞാൻ വളരെ സന്തോഷവാനാണ്." മത്സരത്തിനു ശേഷം ലിവർപൂളിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് വാൻ ഡൈക്ക് പറഞ്ഞു.
മൊഹമ്മദ് സലായുടെ രണ്ടു പെനാൽറ്റി ഗോളുകളും സാഡിയോ മാനേയുടെ ഇരട്ടഗോളും മാറ്റിപ്പ്, വാൻ ഡേയ്ക്ക് എന്നിവർ നേടിയ ഗോളുകൾക്കാണ് ലീഡ്സ് യുണൈറ്റഡിനെതിരെ ലിവർപൂളിന് മികച്ച വിജയം നൽകിയത്. മത്സരത്തിൽ വിജയിച്ചതോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയുമായി മൂന്നു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് ലിവർപൂൾ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.