Cristiano Ronaldo

"റൊണാൾഡോയെ ഒഴിവാക്കേണ്ട കാര്യമില്ല"- ടെൻ ഹാഗിനു നിർദ്ദേശവുമായി ഡച്ച് ഇതിഹാസം വാൻ ബാസ്റ്റെൻ

Sreejith N
Van Basten Advices Ten Hag To Keep Ronaldo
Van Basten Advices Ten Hag To Keep Ronaldo / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

റൊണാൾഡോക്ക് തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളിൽ നിന്നും താരത്തെ ഒഴിവാക്കേണ്ട കാര്യമില്ലെന്നു ടെൻ ഹാഗിനു നിർദ്ദേശം നൽകി ഡച്ച് ഇതിഹാസം മാർകോ വാൻ ബാസ്റ്റെൻ. അടുത്ത സീസണിൽ ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായാൽ റൊണാൾഡോയെ ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റൊണാൾഡോ കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും താരം തന്നെയാണ് ടീമിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് നോർവിച്ച് സിറ്റിക്കെതിരെ മൂന്നു ഗോളുകൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടിക്കൊടുത്ത റൊണാൾഡോ ആഴ്‌സണലിനെതിരെ തോൽവി വഴങ്ങിയ മത്സരത്തിൽ ടീമിന്റെ ആശ്വാസഗോളും നേടിയിരുന്നു.

"റൊണാൾഡോ കഴിഞ്ഞയാഴ്‌ച നടത്തിയതു പോലെ മികച്ച പ്രകടനം തുടരുകയും രണ്ടോ മൂന്നോ ഗോളുകൾ ഒരു മത്സരത്തിൽ നേടുന്നത് സ്ഥിരമായി തുടരുകയും ചെയ്‌താൽ താരത്തെ ടീമിൽ നിന്നും ഒഴിവാക്കേണ്ട കാര്യമില്ല. തന്റേതായ കാര്യങ്ങൾ ചെയ്യുന്ന താരമാണ് റൊണാൾഡോ, പക്ഷെ താരം ഗോളുകൾ നേടുന്നുണ്ടെങ്കിൽ ടീമിൽ ഒരു സ്ഥാനം തീർച്ചയായും നൽകേണ്ടതുണ്ട്." ദി റോണ്ടോ ഷോയിൽ സംസാരിക്കുമ്പോൾ വാൻ ബാസ്റ്റെൻ പറഞ്ഞു.

"ഒരു പതിനെട്ടുകാരനിൽ നിന്നും ആവശ്യപ്പെടുന്നത് ടെൻ ഹാഗിനൊരിക്കലും റൊണാൾഡോയിൽ നിന്നും ആവശ്യപ്പെടാൻ കഴിയില്ലെന്ന് മനസിലാക്കണം. തീർച്ചയായും റൊണാൾഡോ കഠിനമായി അധ്വാനിക്കേണ്ടി വരും. എന്നാൽ ടെൻ ഹാഗിന് തന്റേതായ രീതിയിൽ കളിക്കുന്നതിനു വേണ്ടി താരത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിനാൽ തന്നെ റൊണാൾഡോ കഠിനാധ്വാനം ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്." അദ്ദേഹം വ്യക്തമാക്കി.

എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിൽക്കുമ്പോൾ മാധ്യമങ്ങളിൽ നിന്നുള്ള സമ്മർദ്ദം ഉണ്ടാകുമെന്ന മുന്നറിയിപ്പും വാൻ ബാസ്റ്റെൻ നൽകി. അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകരുതെന്നും തന്റെ ജോലിയെക്കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ടു പോയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും വാൻ ബാസ്റ്റെൻ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit