Football in Malayalam

ലാ ലിഗയിൽ ചരിത്രസംഭവം; വംശീയാധിക്ഷേപം നേരിട്ട കളിക്കാരന് പിന്തുണ നൽകി മൈതാനം വിട്ട് വലൻസിയ താരങ്ങൾ

Sreejith N
Valencia CF v Granada CF - La Liga Santander
Valencia CF v Granada CF - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

ലാ ലീഗയിൽ കാഡിസിനെതിരെ നടന്ന മത്സരത്തിൽ വംശീയമായി അധിക്ഷേപിക്കപ്പെട്ട സഹതാരത്തിനു പിന്തുണ നൽകി മൈതാനം വിട്ടിറങ്ങി വലൻസിയ കളിക്കാർ. മത്സരമാരംഭിച്ച് മുപ്പതു മിനുട്ട് പൂർത്തിയായപ്പോഴാണ് വലൻസിയ പ്രതിരോധതാരം മൗക്റ്റർ ദിയാഖാബിക്കെതിരെ കാഡിസ് മധ്യനിരതാരം യുവാൻ കാല വംശീയമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് താരങ്ങൾ കളിക്കളം വിട്ടത്.

മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ നിൽക്കുമ്പോഴാണ് സംഭവം അരങ്ങേറിയത്. സെന്റർ ബാക്കായ ദിയാഖാബി മൈതാനമധ്യത്തിലേക്ക് പോയി കാലയോട് തർക്കത്തിലേർപ്പെടുകയായിരുന്നു. വളരെ അസ്വസ്ഥനായി കാണപ്പെട്ട ദിയാഖാബിയോട് സഹതാരങ്ങൾ സംസാരിക്കുകയും അതിനു ശേഷം അവരിൽ ചിലർ കാലയോട് വാക്കേറ്റത്തിലേർപ്പെടുകയും ചെയ്‌തിരുന്നു.

റഫറി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ദിയാഖാബിക്ക് പിന്തുണ നൽകി വലൻസിയ താരങ്ങൾ കളിക്കളം വിടുകയാണ് ചെയ്‌തത്‌. അതിനു ശേഷം പതിനഞ്ചു മിനുട്ട് കഴിഞ്ഞ് വലൻസിയ താരങ്ങൾ തിരിച്ചെത്തി സംഭവം വിശദീകരിക്കുകയും മത്സരം പുനരാരംഭിക്കണം എന്നാവശ്യപ്പെടുകയും ചെയ്‌തു. അതേസമയം കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ വിസമ്മതിച്ച ദിയാഖാബിക്ക് പകരം ഹ്യൂഗോയാണ് ഇറങ്ങിയത്.

ദിയാഖാബി അധിക്ഷേപിക്കപ്പെട്ടതു കൊണ്ടാണ് കളിക്കളം വിട്ടതെന്നും പിന്നീട് താരം തന്നെയാണ് കളിക്കളത്തിലേക്ക് മടങ്ങിച്ചെല്ലാൻ തങ്ങളോട് ആവശ്യപ്പെട്ടതെന്നും വലൻസിയ നായകൻ ജോസ് ഗയ പറഞ്ഞു. വളരെ മോശം പരാമർശമാണ് കാലായിൽ നിന്നുമുണ്ടായതെന്നും അതെന്താണെന്ന് വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്നും ഗയ പറഞ്ഞു.

സംഭവം ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണെന്നും അതേക്കുറിച്ച് കൂടുത അന്വേഷണം നടത്തുമെന്നും അസോസിയേഷൻ ഓഫ് സ്‌പാനിഷ്‌ ഫുട്ബോളെർസ് പ്രതികരിച്ചു. അതേസമയം പുനരാരംഭിച്ച മത്സരത്തിൽ വലൻസിയ കാഡിസിനോട് പരാജയമേറ്റു വാങ്ങി. എൺപത്തിയെട്ടാം മിനുട്ടിൽ മാർക്കോസ് മൗറോയാണ് കാഡിസിന്റെ വിജയഗോൾ നേടിയത്.


facebooktwitterreddit