റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്രീമിയർ ലീഗ് താരങ്ങൾക്ക് അനുമതി; അർജന്റീനക്കും, ബ്രസീലിനും ആശ്വാസം

By Gokul Manthara
Brazil v Argentina - FIFA World Cup 2022 Qatar Qualifier
Brazil v Argentina - FIFA World Cup 2022 Qatar Qualifier / Gustavo Pagano/Getty Images
facebooktwitterreddit

രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്ത പ്രീമിയർ ലീഗ് താരങ്ങൾക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയിൽ റെഡ്ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി. ഇന്നാണ് തങ്ങളുടെ യാത്രാ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് താരങ്ങൾക്ക് യാത്രാനുമതി നൽകിക്കൊണ്ടുള്ള പ്രഖ്യാപനം യു കെ സർക്കാർ നടത്തിയത്. അന്താരാഷ്ട്ര ദൗത്യം കഴിഞ്ഞ് തിരിച്ചെത്തുന്ന താരങ്ങളെ ക്വാറന്റൈൻ കാലാവധിക്കിടെ തന്നെ കളിക്കാനും പരിശീലിക്കാനും അനുമതി നൽകുമെന്നും സർക്കാർ ഇതിനൊപ്പം വ്യക്തമാക്കിയിട്ടു‌ണ്ട്. ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീനക്കും, ബ്രസീലിനുമാണ് ഈ വാർത്ത ഏറ്റവുമധികം ആശ്വാസം നൽകുന്നത്.

കഴിഞ്ഞ മാസത്തെ അന്താരാഷ്ട്ര ഇടവേളയിൽ ബ്രസീൽ, അർജന്റീന പോലുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് താരങ്ങളെ അയക്കാൻ പല പ്രീമിയർ ലീഗ് ക്ലബ്ബുകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് വലിയ വിവാദവുമായി. എന്നാൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് താരങ്ങൾക്ക് യാത്രാനുമതി ലഭിച്ചതിനാൽ ഇക്കുറി പ്രീമിയർ ലീഗ് ക്ലബ്ബുകൾ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് കളികാരെ അയക്കുന്നതിന് മടി കാണിക്കില്ലെന്നാണ് കരുതപ്പെടുന്നത്.

ഒക്ടോബർ നാല് മുതൽ 15 വരെയാണ് ഈ മാസത്തെ അന്താരാഷ്ട്ര ഇടവേള. അതേ സമയം ദേശീയ ടീമിനൊപ്പമുള്ള‌ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തുന്ന താരങ്ങളെ 10 ദിവസത്തേക്ക് പൊതുജനങ്ങളിൽ നിന്ന് പൂർണമായും മാറ്റിനിർത്തും‌ ക്ലബ്ബൊരുക്കുന്ന സ്ഥലത്തായിരിക്കും ഈ 10 ദിവസങ്ങളിൽ കളികാർ ക്വാറന്റൈൻ ചെയ്യുക. എന്നാൽ ക്ലബ്ബിനായി പരിശീലനം നടത്തുന്നതിനോ, കളിക്കുന്നതിനോ ഈ ക്വാറന്റൈൻ അവർക്ക് തടസമാകില്ല. ഇത് ക്ലബ്ബുകൾക്കും വലിയ ആശ്വാസം നൽകുന്ന കാര്യമാണ്.

മൂന്ന് മത്സരങ്ങളാണ് ഈ മാസത്തെ അന്താരാഷ്ട്ര ഇടവേളയിൽ അർജന്റീനക്ക് കളിക്കാനുള്ളത്. ഒക്ടോബർ 8 ന് നടക്കാനിരിക്കുന്ന മത്സരത്തിൽ പരാഗ്വെയെ നേരിടുന്ന അവർ, 11 ന് ഉറുഗ്വെക്കെതിരെയും, 15 ന് പെറുവിനെതിരെയും മത്സരിക്കും. പ്രീമിയർ ലീഗിൽ നിന്ന് എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമെറോ, ജിയോവാനി ലോസെൽസോ എന്നീ മൂന്ന് പേരാണ് ഈ മാസത്തെ അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. ഇവർ മൂവരും ഈ മത്സരങ്ങൾക്ക് ലഭ്യമാകുമെന്ന് യു കെ സർക്കാരിന്റെ നിർണായക പ്രഖ്യാപനത്തോടെ ഉറപ്പായിക്കഴിഞ്ഞു.

അർജന്റീനയെപ്പോലെ ബ്രസീലും ഈ മാസം മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളാണ് കളിക്കുക. വെനസ്വേല, കൊളംബിയ, ഉറുഗ്വെ എന്നിവർ ക്കെതിരായ ഈ മത്സരങ്ങളിൽ പ്രീമിയർ ലീഗിൽ കളിച്ചു കൊണ്ടിരിക്കുന്ന അവരുടെ കളികാരുമുണ്ടാകും.

facebooktwitterreddit