Football in Malayalam

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓരോ മത്സരത്തിലും രക്ഷിക്കുന്നു, കോണ്ടെ പരിശീലകൻ ആകണമായിരുന്നുവെന്നും ഉസൈൻ ബോൾട്ട്

Sreejith N
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Jonathan Moscrop/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓരോ മത്സരത്തിലും റൊണാൾഡോ രക്ഷിച്ചു കൊണ്ടിരിക്കയാണെന്ന് സ്പ്രിന്റ് ഇനത്തിലെ ലോക ചാമ്പ്യനും ക്ലബിന്റെ കടുത്ത ആരാധകനുമായ ഉസൈൻ ബോൾട്ട്. നിലവിൽ ടോട്ടനം ഹോട്സ്‌പർ പരിശീലകനായ അന്റോണിയോ കോണ്ടെയെ അവസരം ലഭിച്ച സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കണമായിരുന്നുവെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പതറുന്ന പ്രകടനമാണു കാഴ്‌ച വെച്ചു കൊണ്ടിരിക്കുന്നത്. റൊണാൾഡോ, വരാനെ, സാഞ്ചോ തുടങ്ങിയ പ്രതിഭയുള്ള കളിക്കാർ എത്തിയിട്ടും ക്ലബ് സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നതു കൊണ്ട് പരിശീലകനായ സോൾഷെയറിനെതിരെ വിമർശനങ്ങൾ ശക്തമായ സമയത്താണ് ബോൾട്ടിന്റെ അഭിപ്രായപ്രകടനം.

"കോണ്ടെ ചെൽസിയിൽ ഉണ്ടായിരുന്നു, അദ്ദേഹം കിരീടം നേടി. അദ്ദേഹം ഇന്റർ മിലാനിലും ഉണ്ടായിരുന്നു, അവിടെയും കിരീടം സ്വന്തമാക്കി. അതിനു മുൻപ് യുവന്റസിനൊപ്പം ഉണ്ടായിരുന്ന സമയത്തും അദ്ദേഹം കിരീടം സ്വന്തമാക്കിയിരുന്നു," ദി നാഷണൽ ന്യൂസിനോട് സംസാരിക്കുമ്പോൾ എട്ട് ഒളിംപിക് സ്വർണമെഡൽ സ്വന്തമാക്കിയ താരം പറഞ്ഞു.

"എവിടെപ്പോയാലും അദ്ദേഹം ടീമിന്റെ ഘടനയെ മികച്ചതാക്കും. ജനുവരിയിൽ അദ്ദേഹം ഒന്നോ രണ്ടോ താരങ്ങളെ ടോട്ടനം ഹോസ്‌പർസിലെത്തിക്കും. സീസൺ അവസാനിച്ചതിനു ശേഷം കോണ്ടെ അദ്ദേഹത്തിനു വേണ്ട താരങ്ങളെ കണ്ടെത്തുകയും അവരെ ടീമിലേക്ക് എത്തിക്കുകയും ചെയ്യും." ബോൾട്ട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ ഫോമിനെ കുറിച്ചും റൊണാൾഡോയെപ്പറ്റിയും ബോൾട്ടിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. "ഞങ്ങൾ ബുദ്ധിമുട്ടാൻ പോവുകയാണ്. റൊണാൾഡോ ഞങ്ങളെ എല്ലാ മത്സരങ്ങളിലും രക്ഷിച്ചു, ഒരാൾ തന്നെ എല്ലാ പണിയും ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഞങ്ങൾ കുറേക്കാലമായി നല്ല ഫുട്ബോൾ കളിക്കുന്നില്ല," ബോൾട്ട് അഭിപ്രായപ്പെട്ടു.

അലക്‌സ് ഫെർഗുസൺ പരിശീലകനായിരുന്ന സമയത്ത് അദ്ദേഹം വിജയം തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അത് ടീമിനെ വിജയത്തിൽ എത്തിച്ചിരുന്നുവെന്നും പറഞ്ഞ ബോൾട്ട് ഇപ്പോൾ വളരെ സാവധാനത്തിലുള്ള അയഞ്ഞ കളിയാണ് ക്ലബ് കാഴ്ച വെക്കുന്നതെന്നും അഭിപ്രായപ്പെട്ടു. അതേസമയം നിലവിൽ തന്നെ പരിശീലകസ്ഥാനത്തിനു ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സോൾഷെയറിനു കൂടുതൽ സമ്മർദ്ദം നൽകുന്നതാണ് ബോൾട്ടിന്റെ വാക്കുകൾ.


facebooktwitterreddit