ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെയുള്ള ലൈംഗികാരോപണക്കേസ് തള്ളിക്കളയാൻ നിർദ്ദേശിച്ച് അമേരിക്കൻ ജഡ്ജി


പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ ലാസ് വേഗാസിലെ ഒരു ഹോട്ടലിൽ വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ച് മുൻ മോഡലായ കാതറിൻ മയോർഗ നൽകിയ കേസ് തള്ളിക്കളയാൻ നിർദ്ദേശിച്ച് അമേരിക്കൻ ജഡ്ജി. മജിസ്ട്രേറ്റ് ജഡ്ജായ ഡാനിയൽ ആൽബ്രെഗറ്റ്സാണ് ഈ നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.
2009ൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചുവെന്നാണ് മയോർഗ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഇതു നിഷേധിച്ച റൊണാൾഡോ പരസ്പരസമ്മതത്തോടെ മാത്രമേ മയോർഗയെ സമീപിച്ചിട്ടുള്ളൂ എന്നു വ്യക്തമാക്കിയിരുന്നു. താരത്തിനെതിരെയുള്ള ക്രിമിനൽ കേസ് രണ്ടു വർഷങ്ങൾക്കു മുൻപ് അവസാനിച്ചെങ്കിലും സിവിൽ നടപടിക്രമങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെയാണ് ജഡ്ജിന്റെ ഇടപെടൽ.
New from Las Vegas - Court says Cristiano Ronaldo rape lawsuit should be dismissedhttps://t.co/PSwQ0a1rYp
— Rob Harris (@RobHarris) October 7, 2021
കേസ് തള്ളിക്കളയാൻ ശുപാർശ ചെയ്യുന്നതിനോടൊപ്പം മയോർഗയുടെ അഭിഭാഷകനെ ആൽബ്രെഗറ്റ്സ് വിമർശിക്കുകയും ചെയ്തു. റൊണാൾഡോയും അദ്ദേഹത്തിന്റെ നിയമസംഘവും തമ്മിലുള്ള ആശയവിനിമയങ്ങൾ ചോർന്നതിനെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും കേസ് തള്ളിയില്ലെങ്കിൽ മയോർഗയുടെ അഭിഭാഷകന്റെ പ്രവർത്തനങ്ങൾ നീതിന്യായ വ്യവസ്ഥയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.
കേസിൽ വാദം കേൾക്കുന്ന പ്രധാന ജഡ്ജി, ആൽബ്രഗേറ്റ്സ് നൽകുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമവിധി പറയുക. അതേസമയം റൊണാൾഡോയുടെ അഭിഭാഷകൻ പീറ്റർ ക്രിസ്റ്റിൻസെൻ ജഡ്ജിയുടെ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. നിയമത്തിലെ വസ്തുതകൾ ഉപയോഗിച്ച് കേസ് തള്ളിക്കളയാൻ ജഡ്ജ് നിർദ്ദേശിച്ചതിൽ തങ്ങൾക്ക് വളരെ സന്തോഷമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം മയോർഗയുടെ അഭിഭാഷകർ ഇതിനോട് പ്രതികരണം നടത്തിയിട്ടില്ല. കേസ് തള്ളിക്കളഞ്ഞാൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോയുടെ വ്യക്തിജീവിതത്തിലെ വലിയൊരു കരിനിഴൽ കൂടിയാണ് ഇല്ലാതാവുക.