Football in Malayalam

സാവി ബാഴ്‌സലോണക്ക് പുതിയൊരു ഊർജ്ജം നൽകിയെന്ന് വിയ്യാറയൽ പരിശീലകൻ ഉനെ എമറി

Sreejith N
FC Barcelona v SL Benfica: Group E - UEFA Champions League
FC Barcelona v SL Benfica: Group E - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

ല ലിഗ മത്സരത്തിൽ ബാഴ്‌സലോണയുമായുള്ള പോരാട്ടത്തിനു മുൻപ് കാറ്റലൻ ക്ലബിലേക്കുള്ള സാവി ഹെർണാണ്ടസിന്റെ തിരിച്ചുവരവിനെ പ്രശംസിച്ച് വിയ്യാറയൽ മാനേജർ ഉനെ എമറി. സാവിയെത്തിയത് ബാഴ്‌സലോണക്ക് പുതിയൊരു ഊർജ്ജം നൽകിയെന്നും കളിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു പരിശീലകനാവുകയെന്ന ലക്ഷ്യമുണ്ടായിരുന്ന അദ്ദേഹം ആദ്യ മത്സരങ്ങളിൽ പോസിറ്റിവായ മാറ്റമാണ് ഉണ്ടാക്കിയതെന്നും അഭിപ്രായപ്പെട്ടു.

"പന്തടക്കത്തിൽ ആധിപത്യം പുലർത്തിയിരുന്ന, വളരെയധികം മേധാവിത്വം പുലർത്തിയിരുന്ന ഒരു ബാഴ്‌സലോണ ടീമിൽ ഉണ്ടായിരുന്നതിന്റെ പരിചയസമ്പത്ത് സാവിക്കുണ്ടായിരുന്നു. അവർക്ക് അധികം അറിയപ്പെടാത്ത യുവതാരങ്ങളുണ്ട്, എന്നാലവർ ഏതാനും വർഷങ്ങൾക്കുള്ളിൽ ബാഴ്‌സയുടെ ശൈലിയെയും ചരിത്രത്തെയും നിർവചിക്കാൻ കഴിയുന്നവരാണ്. സാവി അവരുടെ ഊർജ്ജവും പ്രചോദനവും വർധിപ്പിച്ചു."

"നല്ല ബാഴ്‌സലോണയും വളരെ മികച്ച ബാഴ്‌സലോണയും തമ്മിലുള്ള പ്രധാന വ്യത്യാസം പ്രതിരോധവശങ്ങളിലാണ്. ഇനിയേസ്റ്റ, സാവി എന്നീ കളിക്കാരിലൂടെയും അവരത് ചെയ്‌തിരുന്നു, അദ്ദേഹത്തിന് ആ ബാഴ്‌സലോണയെ നൽകാൻ കഴിയുമെങ്കിൽ അവർ മികവിന്റെ പാതയിലേക്കു തന്നെ മുന്നേറിക്കൊണ്ടിരിക്കയാണ്." എമറി മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ വ്യക്തമാക്കി.

ഒരു ഫുട്ബോൾ മനുഷ്യനെന്നാണ് സാവിയെ ഉനെ എമറി വിശേഷിപ്പിച്ചത്. മൈതാനത്തെ പുല്ലിന്റെ അവസ്ഥ മുതൽ എതിരാളികളുടെ മികവിനെക്കുറിച്ചു വരെ വളരെ കൃത്യമായി വിശകലനം ചെയ്യുന്ന അദ്ദേഹം അത് മറ്റൊരു തരത്തിലാണ് പുറത്തു കൊണ്ടു വരികയെന്നും എമറി പറഞ്ഞു. കളിച്ചു കൊണ്ടിരിക്കുന്ന സമയത്തു തന്നെ ഒരു പരിശീലകൻ ആവുന്നതിനെ പറ്റി ചിന്തിച്ചു കൊണ്ടിരുന്ന സാവിയുടെ ആദ്യ രണ്ടു മത്സരങ്ങളിൽ ടീം ആകർഷണീയമായ പ്രകടനം നടത്തിയെന്നും എമറി വ്യക്തമാക്കി.

സാവി പരിശീലകനായ ആദ്യ മത്സരത്തിൽ എസ്പാന്യോളിനെതിരെ വിജയം നേടിയ ബാഴ്‌സലോണ അതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോട് ഗോൾരഹിത സമനിലയും വഴങ്ങി. രണ്ടു മത്സരങ്ങളിലും ടീമിന്റെ പ്രകടനം വളരെ മെച്ചപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല.

facebooktwitterreddit